പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 8.52ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.
ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്.
ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും തൊട്ടുപിന്നാലെയാണ് ഉള്ളുലച്ച് വീണ്ടും അപകടമുണ്ടായത്. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്