പവർഗ്രൂപ്പി’നു പിന്നിലെ വാസ്തവം പറഞ്ഞ് നിർമാതാവ്; ആ നടന് കാർ വാങ്ങിക്കൊടുത്തില്ലെങ്കിൽ േഡറ്റ് മറിക്കും

0

 

സിനിമയിലെ പവർഗ്രൂപ്പിനെക്കുറിച്ച് പല തലങ്ങളിലുള്ള ചർച്ചകൾ സജീവമാകുമ്പോൾ തന്റെ നിലപാട് തുറന്നു പറഞ്ഞെത്തുകയാണ് നിർമാതാവും ബിസിനസ്സ്മാനുമായ ജോളി ജോസഫ്. കിട്ടുന്ന അവസരങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നന്നായി മുതലെടുക്കുന്ന, രഹസ്യമായി കുശുമ്പും കുന്നായ്മയും പരദൂഷണവും പറയുന്ന ഈഗോയിസ്റ്റാക്കളായ ചില താരങ്ങൾ ഒരുമിച്ച് ‘പവർ ഗ്രൂപ്പ്’ ഉണ്ടാക്കി എന്ന് വിശ്വസിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് ജോളി പറയുന്നു. അതിനൊരുദാഹരണവും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.

ജോളി ജോസഫിന്റെ വാക്കുകൾ:‘‘ഒരു ദിവസം എന്റെ ഓഫിസിൽ വന്നിരുന്ന പ്രശസ്തനായ ഒരു സിനിമാ നിർമാതാവ് വിഷണ്ണനായി വിഷമിച്ച് വലിയൊരു സംഖ്യാ ഏർപ്പാടാക്കാൻ സഹായിക്കുമോ എന്ന് എന്നോട് ചോദിച്ചു. സിനിമാമേഖലയിൽ നിന്നും എനിക്ക് കിട്ടാനുള്ള പണത്തിന്റെ ഏകദേശം കണക്കറിയാവുന്ന, ആ പരിപാടി എന്നെന്നേക്കുമായി നിർത്തിയ എന്നോട് അത്യാവശ്യമായി വേറെയാരെങ്കിലും സഹായിക്കാൻ ഉണ്ടാകുമോ എന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ എന്തിനാണ് ഇത്ര തിടുക്കം എന്ന് ചോദിച്ചപ്പോൾ കൃത്യമായി മറുപടി വന്നു.

‘‘താരങ്ങൾ പുതു പുത്തൻ കാറുകൾ വാങ്ങികൂട്ടുന്നതിന്റെ മത്സരത്തിലാണ്. ഏറ്റവും വിലപിടിച്ച കാർ വാങ്ങിയില്ലെങ്കിൽ അവർ മത്സരത്തിൽ നിന്നും പിന്നോട്ട് പോകുമത്രേ. എന്റെ പുതിയ സിനിമയുടെ ഡേറ്റ് നൽകിയിട്ടുള്ള താരത്തിന്റെ വിലപിടിച്ച പുതിയ വണ്ടി ഇന്ന് ബുക്ക് ചെയ്യണം, പണം വേണം അല്ലെങ്കിൽ താരം വേറെയൊരാൾക്ക്‌ ഡേറ്റ് മറിക്കും, അതോണ്ടാ …പുറത്ത് പറയരുത്.’’

പണ്ട് മുതൽ നേരിൽ കണ്ടാൽ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും മനസ്സുകൊണ്ട് ഒരിക്കലും അടുക്കാത്ത പരസ്പരം മത്സരിക്കുന്ന, കിട്ടുന്ന അവസരങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നന്നായി മുതലെടുക്കുന്ന, രഹസ്യമായി കുശുമ്പും കുന്നായ്മയും പരദൂഷണവും പറയുന്ന ഈഗോയിസ്റ്റാക്കളായ ചില താരങ്ങൾ ഒരുമിച്ച് ‘പവർ ഗ്രൂപ്പ്’ ഉണ്ടാക്കി എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഓരോരോ ബാനറുകളിലും അവരുടെ സിനിമകളിലും പ്രായോഗികമായ കംഫർട് സോൺ അവർ ഉണ്ടാക്കും, അതിൽ താരങ്ങൾ മാത്രമല്ല നിർമാതാക്കൾ, എഴുത്തുകാർ, സംവിധായകർ, വിതരണക്കാർ അങ്ങനെ കുറേപ്പേരുണ്ടാകും.

ഈ കൂട്ടായ്മ ആനന്ദനത്തിനു വേണ്ടി മാത്രമല്ല ജോലിയെളുപ്പത്തിനും വളരെ യോജിച്ചതാണ്. പക്ഷേ താരങ്ങൾ ഒരുമിച്ച് ഒരു ഗ്രൂപ്പ്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിധിച്ചാലും, എന്തോ എന്റെ കുഞ്ഞു ബുദ്ധിയിൽ, അതൊട്ടും ദഹിച്ചിട്ടില്ല.

ബിഥിൻ തമ്പി എന്ന മിടുക്കന്റെ ‘മണ്ണിലെ താരങ്ങളോട്’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കൂ: ‘‘നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കുറച്ചു സ്വകാര്യത ഇനി എങ്കിലും കൊണ്ടു വരുക. ഈ ഭൂരിപക്ഷം വരുന്ന കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ തികയാത്തവരുടെ നാട്ടിൽ, നിങ്ങൾ സിനിമാക്കാരുടെ ആഡംബര പാരലൽ ലോകം കണ്ടു ഞങ്ങൾ അസൂയ കൊണ്ട് വിഷമിക്കുക ആയിരുന്നു. നിങ്ങൾ വാങ്ങുന്ന ആഡംബര വണ്ടികൾ വാർത്തയാക്കി ഞങ്ങളെ കാണിക്കാതെ ഇരിക്കുക. നിങ്ങളുടെ വിനോദ യാത്രകളും ആഡംബര ജീവിതവും ഒരിക്കലും എത്തിപ്പിടിക്കാൻ ആകാത്ത നിരാശയിൽ വമിക്കുന്ന കടുത്ത അസ്സൂയയിൽ നിന്നും സിനിമക്കാരെ വിമർശിക്കാൻ കച്ച കെട്ടി ഇരിക്കുവാണ് ഞങ്ങൾ. അപ്പോഴാണ് ഹേമ കമ്മറ്റി എന്ന പിടിവള്ളി ഞങ്ങൾക്ക് കിട്ടുന്നത്. നിങ്ങളെ അറഞ്ചം പുറഞ്ചം ഞങ്ങൾ വലിച്ചു കീറുന്നത് മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്. അതിനാല്‍ ദയവു ചെയ്ത് നിങ്ങളുടെ പാരലൽ ലോകം, നിങ്ങൾ അനുഭവിക്കുന്ന ആഡംബരം നിങ്ങളുടെ സ്വകാര്യതയിൽ നിലനിർത്തുക. ഞങ്ങൾക്ക് നല്ല പടങ്ങൾ തന്നാൽ മതി. കടം വാങ്ങിയിട്ടാണെകിലും പോയി കണ്ടോളാം. എന്ന് ആരാധകൻ.’’

Spread the love

Leave a Reply

Your email address will not be published. Required fields are marked *