വിഷ്ണുജിത്തിനെ കണ്ടെത്തി ഊട്ടിയിൽനിന്ന്;വിവാഹത്തിന് 4 ദിവസം മുൻപാണ് കാണാതായത്

0

 

മലപ്പുറം∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട് ‌പൊലീസും മലപ്പുറം പൊലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു. സുഹൃത്ത് ശരത്തിന്റെ കയ്യിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്.

ഈ മാസം 4നാണ് വിഷ്ണുജിത്തിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് 4ന് രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയത്. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു.

പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ അന്വേഷണസംഘം തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിരുന്നു. കോയമ്പത്തൂർ, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിരുന്നു. വാളയാർ, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇതിനിടെ, വിഷ്ണുജിത്തിന്റെ ഫോൺ ഓണായിരുന്നു. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. തുടർന്ന് മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു . തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *