ഒത്തുചേരലിനെ ആഘോഷമാക്കിയ കെഎസ് ഡി ഓണോത്സവം 2024
ഡോംബിവ്‌ലി: . മുംബൈയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന വിശേഷണമുള്ള ഡോംബിവ്ലിയിലെ മലയാളി കൂട്ടായ്‌മയായ കേരളീയസമാജത്തിൻ്റെ ഓണാഘോഷം -ഓണോത്സവം 2024 – മലയാള സംസ്‌കൃതിയുടെയും ഒത്തുചേരലിൻ്റെയും ആഘോഷമായി മാറി.സമാജത്തിൻ്റെ സ്വന്തം കലാലയമായ മോഡൽ കോളേജ് അങ്കണത്തിൽ രാവിലെ 9.45നു നടന്ന ഉദ്‌ഘാടന ചടങ്ങിനുശേഷം അരങ്ങേറിയ കലാപാരിപാടികൾ രാത്രി പത്തരവരെ നീണ്ടുനിന്നു . ഏഷ്യയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളികൂട്ടായ്‌മ കൂടിയായ കേരളീയ സമാജത്തിലെ അഞ്ഞുറോളം കലാകാരന്മാരാണ് വിവിധപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കിയത് .
ഇതിൽ ഒരു വയസ്സുള്ള കുട്ടിമുതൽ 80 വയസ്സുകഴിഞ്ഞ വൃദ്ധന്മാർ വരെയുണ്ട് . 75 വയസ്സിലെത്തിക്കുന്ന സമാജത്തിൻ്റെ ചരിത്രത്തിൽ ഇത്രയും കലാകാരന്മാർ ഒത്തുചേർന്നുകൊണ്ടുള്ള ഒരു പരിപാടി ആദ്യമായാണ് നടക്കുന്നതെന്നും തനിക്കതിൽ അഭിമാനം ഉണ്ടെന്നും- സാംസ്‌കാരിക സമ്മേളനത്തിൽ നടന്ന നന്ദിപ്രസംഗത്തിൽ കലാവിഭാഗം സെക്രട്ടറി കെകെ സുരേഷ്ബാബു പറഞ്ഞു. പ്രസിഡന്റ് രാധാകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളന ചടങ്ങിൽ ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു . ജാതി മത രാഷ്‌ടീയമില്ലാതെ മലയാളി എന്ന ഏക ബോധത്താൽ പൂർവ്വികർ പടുത്തുയർത്തിയ കേരളീയസമാജം ഡോംബിവ്‌ലി എന്ന പ്രസ്ഥാനം അതേരീതിയിൽ തന്നെ മുന്നോട്ടുപോകുമെന്നും ഈ ഐക്യത്തെ തോൽപ്പിക്കാനുള്ള ഏതു ശ്രമത്തേയും തിരിച്ചറിഞ് അവരെ അകറ്റിനിർത്താൻ ഓരോ അംഗങ്ങളും ശ്രദ്ധിക്കണം എന്നും ചെയർമാൻ വർഗ്ഗീസ് ഡാനിയൽ സദസ്സിനെ ഓർമ്മപ്പെടുത്തി.
നാടകരംഗത്ത് അമ്പതുവർഷം പൂർത്തിയാക്കിയ രാമുകണ്ണൂർ രചനയും സംവിധാനവും നിർവ്വഹിച്ചു പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്‌ത സാമൂഹ്യ സംഗീതനാടകം , ഒഎൻവി കുറുപ്പിൻ്റെ പ്രശസ്തകവിതയായ’ അമ്മ’യെ അവലംബിച്ച് പ്രീജ മുരളി രചനയും ആന്റണി ഫിലിപ്പ് സംവിധാനവും നിർവഹിച്ച ദൃശ്യാവിഷ്കാരം ,വിനയൻ കളത്തൂർ നയിച്ച നാടൻപ്പാട്ടുകളുടെ അവതരണം ,ഗാനമേള ,നൃത്ത നൃത്യങ്ങൾ ,കളരിപ്പയറ്റ് എന്നിവ കലാപരിപാടികളിലെ മുഖ്യ വിഭവങ്ങളായിരുന്നു. ഓണസദ്യയുമുണ്ടായിരുന്നു. സമാജത്തിലെ വ്യവസായ സംരംഭകരായ വനിതകളെ ഉൾപ്പെടുത്തി സെപ്റ്റംബർ ഒന്നിന് നടന്ന പ്രദർശനമേളയിൽ സംഘടിപ്പിച്ചിരുന്ന ലക്കി ഡ്രോയുടെ നറുക്കെടുപ്പ് സമാപന ചടങ്ങിൽ നടന്നു.