ഇന്ത്യയിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ല, സംശയാസ്പദമായ പരിശോധനകൾ നെഗറ്റീവ് ആണ്
ന്യൂഡൽഹി∙ ഇന്ത്യയിൽ ഇതുവരെ എംപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച, എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകൾ ഒന്നും പോസിറ്റീവല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
വിദേശത്തുനിന്നെത്തുവരെ കർശനമായി നിരീക്ഷിക്കുന്നുണ്ട്. സംശയിക്കപ്പെടുന്നവരുടെ സാംപിളുകൾ പരിശോധിക്കാൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ലബോറട്ടറി ശൃംഖല സജ്ജമാക്കി. ആഗോളതലത്തിൽ എംപോക്സ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജനങ്ങൾ ഇതുസംബന്ധിച്ച അവബോധം നൽകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
എംപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്ത് പരിശോധന നടത്തണം. രോഗബാധ സ്ഥിരീകരിച്ചാൽ രോഗിയെ ഐസലേറ്റ് ചെയ്ത് സമ്പർക്കപ്പട്ടിക വിട്ടുവീഴ്ചയില്ലാതെ തയാറാക്കണം. പൊതുജനാരോഗ്യത്തിനായുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന–ജില്ലാതലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ അവലോകനം നടത്തണം. ആവശ്യമായ ജീവനക്കാർ ആശുപത്രികളിലുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യത്തുനിന്ന് എത്തിയതാണ് ഇദ്ദേഹം. നിലവിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹമെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.