പ്രതിഷേധിക്കുന്ന ഡോക്ടർമാർ നാളെ ജോലിയിൽ പ്രവേശിക്കണം; ‘കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ നീക്കം ചെയ്യണം
ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദേശിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ താലതാമസം ഉണ്ടായതായി കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയിൽ വാദം തുടരുകയാണ്. പ്രതിഷേധിക്കുന്ന ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. നാളെ 5 മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാനും നിർദേശിച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്കായി ഹാജരായത്. ബംഗാൾ സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഹാജരായി. ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 23 പേർ ചികിത്സ കിട്ടാതെ മരിച്ചെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. പ്രതിഷേധിച്ച ഡോക്ടർമാർ ജോലിയിൽ മടങ്ങിയെത്തിയാൽ നടപടിയുണ്ടാകില്ലെന്ന് ബംഗാൾ സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകി. ഡോക്ടർമാരുടെ സുരക്ഷിതത്വവും ആത്മവിശ്വാസവും വർധിപ്പിക്കാൻ ബംഗാൾ സർക്കാർ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സിസിടിവി ക്യാമറകൾ ആശുപത്രിയിൽ സ്ഥാപിക്കണം. വിശ്രമമുറി ഉറപ്പാക്കണം.
ഓഗസ്റ്റ് 9നാണ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. പീഡനം നടന്ന ആർ.ജി.കർ ആശുപത്രിയിൽ കാവലിനുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ താമസ സൗകര്യങ്ങളിൽ സിബിഐ ആശങ്ക രേഖപ്പെടുത്തി. വനിതാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് സിബിഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആവശ്യമായ സൗകര്യം ഉണ്ടെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ആവശ്യമായ സൗകര്യം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
അന്വേഷണം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് കൈമാറാൻ സിബിഐയോടും, ആൾക്കൂട്ടം ആശുപത്രി തകർത്ത സംഭവത്തിൽ റിപ്പോർട്ടു നൽകാൻ ബംഗാൾ സർക്കാരിനോടും സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അസ്വഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ വൈകിയതിനെയാണ് കോടതി വിമർശിച്ചത്.