എട്ടുദിവസംകൊണ്ട്, തിരക്കഥയെഴുതിയത് കേട്ടുകഴിഞ്ഞതും ആസിഫ് ബാഹുലിനെ കെട്ടിപ്പിടിച്ചു- ദിൻജിത്ത്
‘എല്ലാം പോസിറ്റീവായി വന്നു’, കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നതിങ്ങനെ. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതേ സംവിധായകനും തിരക്കഥാകൃത്തും നായകനും ഒന്നിക്കുകയാണ് പേരിലുള്‍പ്പെടെ കൗതുകമൊളിപ്പിച്ച ഈ പുതിയ ചിത്രത്തിലൂടെ. അമ്മിണിപ്പിള്ളയില്‍നിന്നും ഏറെ വ്യത്യസ്തമായ പ്രമേയവും താരനിരയുമാണ് കിഷ്‌ക്കിന്ധാകാണ്ഡത്തിലുള്ളത്. ഓണം റിലീസായെത്തുന്ന ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ദിന്‍ജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പുരാണവുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ല
രാമായണത്തില്‍ ബാലിയുടേയും സുഗ്രീവന്റേയും രാജ്യമാണ് കിഷ്‌ക്കിന്ധ. പക്ഷേ ഈ സിനിമയില്‍ പുരാണവുമായി ബന്ധമൊന്നുമില്ല. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ ഒരു ഭാഗമാണ് കുരങ്ങന്മാര്‍. കുരങ്ങന്മാരല്ലാതെ വേറെയും ജീവജാലങ്ങളുണ്ട്. വനപ്രദേശത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വലിയൊരു തറവാടുവീട്ടിലാണ് കഥ നടക്കുന്നത്. അപ്പോള്‍ ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പേരുവേണമെന്ന് തോന്നി. കഥയ്ക്ക് സാധാരണ പേരിട്ടാല്‍ ശരിയാവില്ലെന്ന് തോന്നി. അങ്ങനെയാണ് കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരിലേക്കെത്തുന്നത്.
‘എ ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള’ എന്നായിരുന്നു ആദ്യത്തെ പേര്
കുട്ടേട്ടന്‍ (വിജയരാഘവന്‍) അവതരിപ്പിക്കുന്ന കഥാപാത്രമാണ് അപ്പുപ്പിള്ള. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈ കഥാപാത്രത്തിലേക്ക് മാറുമെന്നുള്ള പ്രശ്‌നം മനസിലേക്ക് വന്നു. പിന്നെ ഇതിനോട് സാദൃശ്യമുള്ള മറ്റുപേരുകളും ആളുകളുടെ മനസിലേക്ക് വരും. അതോടെ വളരെ ഫ്രഷ് ആയൊരു പേരിനായുള്ള അന്വേഷണമായി. അങ്ങനെ കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരിലേക്കെത്തി.
അമ്മിണിപ്പിള്ളയ്ക്കുശേഷം ആസിഫ് അലിയുമൊത്ത്
ആസിഫ് അലിയുടെ കരിയറില്‍ വലിയൊരു ചേഞ്ച് ആയിരുന്നു കക്ഷി അമ്മിണിപ്പിള്ള. പല സാധ്യതകളുമുള്ള നടന്‍ എന്ന രീതിയില്‍ പലരും ആസിഫിനെ അങ്ങനെ ഉപയോഗിച്ചിട്ടില്ല. അതിന്റെ തുടര്‍ച്ചയാണ് കെട്ട്യോളാണെന്റെ മാലാഖയില്‍ കണ്ടത്. കിഷ്‌ക്കിന്ധാകാണ്ഡത്തിലെ കഥാപാത്രം 40 വയസിന് മുകളിലുള്ളയാളാണ്. ആസിഫിന്റെ കഴിവിനെ നല്ലരീതിയില്‍ ഉപയോഗിക്കണമെന്നുണ്ടായിരുന്നു. പിന്നെ ആസിഫിനെ കിട്ടാന്‍ ഞങ്ങള്‍ക്ക് എളുപ്പമായിരുന്നു. എത്രയുംപെട്ടന്ന് നടക്കണം എന്ന രീതിയിലായിരുന്നു ഞാനും തിരക്കഥാകൃത്ത് ബാഹുലും പ്ലാന്‍ചെയ്തത്. അതിന് മുന്‍പ് ഒരു പടം ചെയ്യാന്‍ നോക്കിയിട്ട് നടന്നില്ല. ഒരാള്‍ക്കുവേണ്ടി കാത്തിരുന്നിട്ട് ഈ വിഷയത്തിന്റെ പുതുമ കളയരുതെന്നുണ്ടായിരുന്നു. അതും ആസിഫിലേക്ക് ഞങ്ങളെ എത്തിച്ചു. നേരേ പോയി സംസാരിച്ചപ്പോള്‍ത്തന്നെ ആസിഫ് പ്രോജക്റ്റ് ചെയ്യാമെന്ന് പറഞ്ഞു. തിരക്കഥയോട് വളരെയധികം അദ്ദേഹത്തിന് അടുപ്പംതോന്നി. കാരണം ഒരു അച്ഛന്‍-മകന്‍ ബന്ധംകൂടി തിരക്കഥ പറഞ്ഞുപോകുന്നുണ്ട്.
ആസിഫ് – അപര്‍ണ താരജോഡി
അപര്‍ണാ ബാലമുരളിയുടെ പേരൊന്നും ആദ്യ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ല. പക്ഷേ എപ്പോഴോ ഈ വേഷം അവരെ ഏല്‍പ്പിക്കാമെന്ന് മനസില്‍ തോന്നുകയായിരുന്നു. കഥാപാത്രത്തിന്റെ പേരുപോലും അപര്‍ണ എന്നാണ്. ആ സമയമായപ്പോള്‍ ഞങ്ങള്‍ കൃത്യമായി അപര്‍ണയിലേക്ക് എത്തുകയായിരുന്നു. ആസിഫ്-അപര്‍ണ ജോഡി ആളുകള്‍ സ്വീകരിച്ചതുമാണ്. സണ്‍ഡേ ഹോളിഡേ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് അവരൊന്നിച്ച് സിനിമ ചെയ്യുന്നതും. അപ്പോള്‍പ്പിന്നെ വേറൊന്നും ആലോചിച്ചില്ല, കഥ കേട്ടപ്പോള്‍ അവരും തയ്യാറായി. ഈ സിനിമയെ സംബന്ധിച്ച് വന്നുചേര്‍ന്നതെല്ലാം പോസിറ്റീവായ കാര്യങ്ങളാണ്.
വിജയരാഘവേട്ടന്റെ കഥാപാത്രത്തിന് പ്രചോദനം എന്‍.എന്‍.പിള്ള
അമ്മിണിപ്പിള്ളയില്‍പ്പോലും കുട്ടേട്ടന്‍ (വിജയരാഘവന്‍) നല്ലൊരു വേഷമായിരുന്നു ചെയ്തത്. പക്ഷേ അത്ര കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടില്ല. തിരക്കഥാ രചനയുടെ സമയത്ത് ബാഹുല്‍ പല കഥാപാത്രങ്ങള്‍ക്കും പഴയ സിനിമയില്‍ നിന്നുമുള്ള റഫറന്‍സ് നോക്കിയിരുന്നു. കുട്ടേട്ടന്റെ അപ്പുപ്പിള്ളയുടെ ക്യാരക്റ്റര്‍ റെഫറന്‍സ് അദ്ദേഹത്തിന്റെ പിതാവായ എന്‍.എന്‍.പിള്ള സാറായിരുന്നു. പക്ഷേ ആ സമയത്തൊന്നും കാസ്റ്റിങ്ങില്‍ വിജയരാഘവേട്ടന്‍ ഇല്ലായിരുന്നു. യാദൃച്ഛികമായി കുട്ടേട്ടനിലേക്ക് എത്തുകയായിരുന്നു. ഈയടുത്ത കാലത്താണ് ഈ റഫറന്‍സിന്റെ കാര്യം ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞത്. ഞാനിത് അറിഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വലിയ സന്തോഷമായി. കാരണം പിള്ള സാര്‍ ചെയ്തിട്ടുള്ളതുപോലുള്ള കര്‍ക്കശക്കാരനായ കഥാപാത്രമാണിത്.
തിരക്കഥ കേട്ടതും ആസിഫ് അലി കെട്ടിപ്പിടിച്ചു
ആസിഫ് അലിയോട് ബാഹുല്‍ തിരക്കഥ പറയുമ്പോള്‍ കഥാ സന്ദര്‍ഭത്തിനനുസരിച്ച് പശ്ചാത്തലത്തില്‍ റെഫറന്‍സ് ബി.ജി.എം പ്ലേ ചെയ്തിരുന്നു. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ആസിഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന് തിരക്കഥ വളരെയേറെ ഇഷ്ടപ്പെട്ടു. പിന്നെ ഈ ചിത്രത്തേക്കുറിച്ച് പലയാളുകളോടും ആസിഫ് പറയാറുമുണ്ടായിരുന്നു. അതൊക്കെ നമുക്ക് വലിയ ഊര്‍ജമാണ് തന്നത്. കാരണം ആ തിരക്കഥയുടെ ആത്മാവിനെ അദ്ദേഹം അത്രമേല്‍ ഉള്ളിലേക്കെടുത്തു എന്നതാണ്. ആ കഥാപാത്രത്തെ അത്രയ്ക്കും പഠിച്ചിട്ടാണ് ആസിഫ് സെറ്റിലേക്ക് വന്നത്. പല ഷോട്ടുകളും രണ്ട് ടേക്കിനപ്പുറം പോയിട്ടില്ല.
നിഷാനും ആസിഫ് അലിയും വീണ്ടും
സ്ഥിരം മുഖങ്ങളൊന്നും വേണ്ട എന്ന ചിന്തയാണ് നിഷാനെ കൊണ്ടുവരുന്നതിലേക്ക് പ്രേരിപ്പിച്ചത്. സുധീര്‍ എന്ന കഥാപാത്രമായി അതുവരെ നിഷാനിലേക്ക് ചിന്ത പോയിരുന്നില്ല. സ്ഥിരം ഇതുപോലുള്ള വേഷങ്ങള്‍ ചെയ്യുന്ന താരങ്ങളില്‍നിന്നൊരു മാറ്റമാണ് ഉദ്ദേശിച്ചത്. സുധീര്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ ഏത് നടനാണ് മനസില്‍ വരുന്നതെന്ന് പലരോടും ചോദിച്ചു. അതില്‍ സ്ഥിരം സമാനരീതിയിലുള്ള വേഷങ്ങള്‍ മുന്‍പ് ചെയ്തവരെയെല്ലാം ലിസ്റ്റില്‍നിന്നൊഴിവാക്കി. അങ്ങനെ ഏറ്റവുമൊടുവില്‍ കിട്ടിയയാളാണ് നിഷാന്‍. ആസിഫ് അലി-നിഷാന്‍ കോമ്പോ സംഭവിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായി. പിന്നെ ആ വേഷത്തിന് ഏറ്റവും അനുയോജ്യനുമായിരുന്നു നിഷാന്‍. അദ്ദേഹം അത് നന്നായി ചെയ്തു.
പുതുമയുള്ള കാസ്റ്റിങ്
കാസ്റ്റിങ് വളരെ പുതുമയുള്ളതാവണമെന്ന് ഞാനും ബാഹുലും തീരുമാനിച്ചിരുന്നു. പുതുമയുള്ള കുറച്ച് മുഖങ്ങള്‍ കാണിക്കാനാണ് ഉദ്ദേശിച്ചത്. ഇതുവരെ കാണാത്ത അശോകേട്ടനെയാണ് ഇതില്‍ കാണാനാവുക. ഏത് വേഷം കൊടുത്താലും അതിനെ വ്യത്യസ്തമാക്കുന്നയാളാണ് ജഗദീഷേട്ടന്‍. അതുപോലെ നിഴള്‍കള്‍ രവി സാറും വ്യത്യസ്തമായ വേഷമാണ് ചെയ്തിട്ടുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിക്കുന്നത്. പുറത്തുനിന്നുള്ള ഒരു നടനെ ആലോചിച്ചാല്‍ പെട്ടന്ന് മനസിലേക്ക് വരുന്ന ചിലരുണ്ട്. അതെങ്ങനെ മാറ്റിപ്പിടിക്കാം എന്ന ചിന്തയാണ് അദ്ദേഹത്തിലേക്ക് നയിച്ചത്. കൃത്യസമയത്ത് അവരെയൊക്കെ കിട്ടുന്നത് ഭാഗ്യംതന്നെയാണ്.
ഭ്രമയുഗം ചിത്രീകരിച്ച അതേ സ്ഥലം
കഥ നടക്കുന്ന സ്ഥലം കണ്ടെത്തുന്നതായിരുന്നു ഏറ്റവും വെല്ലുവിളി. വളരെ വ്യത്യസ്തമായ ഒരു തറവാട് വേണമായിരുന്നു. അതും ബാല്‍ക്കണിയുള്ളത്. കാരണം ഈ വീടും ഒരു കഥാപാത്രം തന്നെയാണ്. നാലേക്കര്‍ വരുന്ന മരങ്ങള്‍ നിറഞ്ഞ പ്രദേശത്തിന് നടുവിലാണ് ഈ വീട് വേണ്ടത്. റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ സ്ഥലം വേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. നിലമ്പൂരില്‍ കഥ നടക്കുന്നു എന്നാണ് സിനിമയിലുള്ളത്. പക്ഷേ നിലമ്പൂരില്‍ അതിനുപറ്റിയ സ്ഥലം കിട്ടിയിരുന്നില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം തപ്പി. ഒടുവില്‍ കാസര്‍ഗോടെത്തി. അതില്‍ ഒരു വീട് കഥയ്ക്ക് അനുയോജ്യമായെന്ന് തോന്നിയെങ്കിലും ഷൂട്ടിങ്ങിനായി കിട്ടിയില്ല. അതില്‍ വളരെ സങ്കടംതോന്നിയിരുന്നു. കാരണം എത്രയോ അലഞ്ഞിട്ടാണ് അങ്ങനെയൊരു വീട് കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളപ്പമണ്ണ മനയിലെത്തിയത്. ഭ്രമയുഗത്തില്‍ കാണുന്ന അതേ വീടാണത്.
ഞങ്ങളുടെ ഷൂട്ട് കഴിഞ്ഞിട്ടാണ് ഭ്രമയുഗം എടുത്തത്. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, താഴേക്ക് പടികള്‍ നീളുന്ന ഒരു സ്ഥലമാണ്. അതുകൊണ്ട് കുറേ ആംഗിളുകളില്‍ ചിത്രീകരിക്കാന്‍പറ്റി. ശരിക്ക് 2023 ജനുവരിയില്‍ ഷൂട്ട് ചെയ്യേണ്ടതായിരുന്നു. പക്ഷേ മഴയുടെ സമയത്തായിരുന്നു ഷൂട്ട് തുടങ്ങിയത്. ചിത്രീകരണത്തില്‍ കുറച്ച് കഷ്ടപ്പെട്ടെങ്കിലും നല്ല പച്ചപ്പ് കാണാന്‍ പറ്റുന്ന രീതിയില്‍ ചെയ്യാന്‍പറ്റി. അതിന്റെ ഫീല്‍തന്നെ വേറെയായി. ഇപ്പോള്‍ ടീസറില്‍ കാണാന്‍ പറ്റുന്ന ആ കുളിര്‍മയ്ക്ക് കാരണം അന്നത്തെ മഴയാണ്. അതും ഈ സിനിമയ്ക്ക് പോസിറ്റീവായി വന്നു.
അമ്മിണിപ്പിള്ളയ്ക്ക് വൈകിക്കിട്ടിയ അംഗീകാരങ്ങള്‍
അമ്മിണിപ്പിള്ളയുടെ റിലീസ് സമയത്ത് പ്രചാരണം വളരെക്കുറവായിരുന്നു. സൂപ്പര്‍ഹിറ്റാവേണ്ട പടമായിരുന്നെന്ന് പലരും ഇപ്പോഴും പറയും. ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയില്ല. ആ പാട്ടുപോലും കുറച്ചുകാലങ്ങള്‍ കഴിഞ്ഞാണ് ശ്രദ്ധിക്കപ്പെട്ടത്. അന്യഭാഷകളില്‍പ്പോലും ആ പാട്ട് ഹിറ്റായി. ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേര്‍ന്നതും പാട്ടിനെ കൂടുതല്‍ പേരിലേക്കെത്തിച്ചു. ആ സിനിമ ഒരിക്കലും മടുക്കുന്നില്ലെന്നും ഇനിയും കാണാന്‍ തോന്നുന്നുണ്ടെന്നും ഇപ്പോഴും ആളുകള്‍ പറയാറുണ്ട്. അമ്മിണിപ്പിള്ള കണ്ടിട്ട് പ്രായമായവര്‍പോലും വിളിക്കാറുണ്ട്.
ഓണം റിലീസായി കിഷ്‌ക്കിന്ധാകാണ്ഡം എത്തുമ്പോള്‍
അതും ഒരു ഭാഗ്യമായാണ് കരുതുന്നത്. എന്റെ ഒരുപടം ഓണം റിലീസായി എത്തുമെന്ന് ജീവിതത്തില്‍പ്പോലും കരുതിയിട്ടില്ല. ആസിഫ് അലിയുടെ ഒരു ചിത്രം ആദ്യമായിട്ടാണെന്ന് തോന്നുന്നു ഓണത്തിനെത്തുന്നത്. വലിയ ചിത്രങ്ങളെല്ലാം മാറി കിഷ്‌ക്കിന്ധാകാണ്ഡമടക്കം നാല് ചിത്രങ്ങളേ ഓണത്തിന് വരുന്നുള്ളൂ. എല്ലാംകൊണ്ടും പോസിറ്റീവായാണ് ഇരിക്കുന്നത്.
കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ കാര്യത്തില്‍ പൂര്‍ണ തൃപ്തനാണ്
ഒരു ചിത്രം കഴിഞ്ഞ്, ചെറിയൊരു ബ്രേക്കെടുത്ത് സിനിമ ചെയ്യുന്ന സംവിധായകനല്ല ഞാന്‍. ഇക്കാലത്തിനിടയ്ക്ക് എത്രയോ തിരക്കഥകള്‍ വായിക്കുന്നുണ്ടായിരുന്നു. എന്നെ ആശ്ചര്യപ്പെടുത്തുന്ന ഒന്നും കിട്ടിയിരുന്നില്ല. എന്റെ രണ്ടാമത്തെ പടം നൂറുശതമാനം ഹിറ്റാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം സംവിധായകനെന്ന നിലയില്‍ ഇഷ്ടത്തോടെ സിനിമ ചെയ്യണമം. രണ്ടാമത്തേത് അതിന്റെ അന്തിമരൂപം കാണുമ്പോള്‍ നമുക്കൊരു സന്തോഷം വരണം. നമ്മള്‍ നന്നായി ഒരുപടം ചെയ്തു എന്നുള്ള സന്തോഷമുണ്ടല്ലോ. അമ്മിണിപ്പിള്ളയ്ക്കുശേഷം ഏതെങ്കിലും ഒരു സിനിമ ചെയ്ത് കുറച്ച് പണമുണ്ടാക്കണം എന്നുകരുതിയാല്‍ മനസിന് സംതൃപ്തിയുണ്ടാവില്ല. എന്നാല്‍ കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്.