ചെമ്പിന്റെ വില ഇടിയുന്നു; ചൈനയിൽ ആവശ്യം കുറഞ്ഞു
ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ചെമ്പ് 17 ശതമാനം താഴ്ന്നിരിക്കുന്നു. ചൈനയില്‍ നിന്നുള്ള ഡിമാന്റിലുണ്ടായ ഇടിവ്, വെയര്‍ ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ, യുഎസ് ഡോളറിന്റെ കരുത്ത് എന്നിവയാണ് വില ഇടിയാന്‍ കാരണം. പല സംഭരണ ശാലകളിലും ചെമ്പിന്റെ ശേഖരം ഉയര്‍ന്നതോതിലാണുള്ളത്. ലണ്ടന്‍ ലോഹ വിപണിില്‍ നിന്നുള്ള പുതിയ കണക്കുകളനുസരിച്ച്, അവരുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഭരണ ശാലകളില്‍ മാത്രം കെട്ടിക്കിടക്കുന്ന ചെമ്പിന്റെ അളവ് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. ജൂണ്‍ പകുതിയോടെ ഇത് ഇരട്ടിക്കുകയും ചെയ്തു. ചൈനയിലെ സംഭരണ ശാലകളിലും നാലു വര്‍ഷത്തെ കൂടിയ അളവിലാണ് ചെമ്പ് ഉള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ഉത്പന്ന ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള കയറ്റുമതിയിലുണ്ടായ കുതിപ്പിലെ വ്യതിയാനം ഇതിനൊരു കാരണമാണ്. സര്‍ക്കാരിന്റെ ഉത്തേജക പരിപാടികള്‍ക്കു ശേഷവും കണക്കുകള്‍ നിരാശാജനകമായി തുടരുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ച രണ്ടാംപാദത്തില്‍ പ്രതീക്ഷയ്ക്കു താഴെയാണ്. നിര്‍മാണ മേഖലയിലെ കണക്കുകള്‍ തുടര്‍ച്ചയായി നാലാം മാസവും കുറയുകയാണുണ്ടായത്. സാമ്പത്തിക മേഖലയുടെ ദൗര്‍ബല്യമാണ് ഇത് കാണിക്കുന്നത്. നിര്‍മ്മാണ, ധന മേഖലകളിലെ സങ്കോചം കാരണം ഈ വര്‍ഷം ചൈനയുടെ ചെമ്പിന്റെ ഡിമാന്റ് വളര്‍ച്ച ഒന്നോ രണ്ടോ ശതമാനമായി മാത്രം ഒതുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിന് ശേഷം സാമ്പത്തിക വീണ്ടെടുപ്പ് ചൈനയില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയുണ്ടായില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ പ്രതിസന്ധിയും യുഎസുമായി രൂപപ്പെട്ട വ്യാപാര യുദ്ധവും വ്യാപാര രംഗത്തും വീടകങ്ങളിലും ആത്മവിശ്വാസമില്ലാതാക്കി. ഉപഭോഗത്തേയും ഉത്പന്നങ്ങളുടെ ഡിമാന്റിനേയും ഇത് ബാധിച്ചു.
വന്‍കിട ബാങ്കുകള്‍ വരുംവര്‍ഷങ്ങളിലെ ചെമ്പിന്റെ വില കുറച്ചിരിക്കയാണ്. ലോഹ വിപണിയിലെ മുന്‍ നിരക്കാരിലെ പ്രമുഖരായ ഗോള്‍ഡ്മാന്‍ സാച്‌സ്, അടുത്ത വര്‍ഷത്തേക്കുള്ള ചെമ്പിന്റെ വില ലക്ഷ്യം ടണ്ണിന് നേരത്തേ കണക്കാക്കിയിരുന്ന 15000 ഡോളറില്‍ നിന്ന് 10100 ഡോളറായി താഴ്ത്തിയി. ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറവാണ് ഇതിനു പ്രധാന കാരണം. പ്രോപ്പര്‍ട്ടി മേഖലയിലെ താഴ്ചയും നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഉണ്ടായ വേഗക്കുറവു കാരണം ചൈന ലക്ഷ്യമിടുന്ന വളര്‍ച്ച ഈ വര്‍ഷം കൈവരിക്കുക ദുഷ്‌കരമാണെന്നും ബാങ്ക് കരുതുന്നു.
യുഎസ് ഡോളറിന്റെ ശക്തമായ നിലയും ലോഹ വിലയ്ക്ക് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഡോളറിന്റെ കൂടിയ മൂല്യം ഇതര കറന്‍സികളുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.
വ്യാവസായിക ലോഹങ്ങളുടെ മേഖലയിലുണ്ടായ കുതിപ്പ് ചെമ്പിന്റെ വില നേരത്തെ സര്‍വകാല റിക്കാര്‍ഡിലെത്താന്‍ കാരണമായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ കിലോഗ്രാമിന് 945 രൂപ വരെയെത്തി. വര്‍ഷത്തിന്റെ ആദ്യ 6 മാസങ്ങളില്‍ 30 ശതമാനത്തോളം വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. പിന്നീട് ചൈന ഡിമാന്റില്‍ വന്ന കുറവു കാരണം വില കുത്തനെ കുറയുകയായിരുന്നു. ലണ്ടന്‍ ലോഹ വിപണിയിലും ഇതിനു സമാനമായ പ്രകടനം ദൃശ്യമായി. മെയ്മാസം ടണ്ണിന് 11104 ഡോളര്‍ ആയി ഉയര്‍ന്ന ചെമ്പു വില വേഗം തന്നെ തിരുത്തലിനു വിധേയമായി.
അടുത്ത പതിറ്റാണ്ടോടെ ലോക ചെമ്പു വില ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ശുദ്ധമായ ഊര്‍ജം ആഗോള മുദ്രാവാക്യമായിത്തീരുന്നതോടെ ഊര്‍ജപ്രസരണ മേഖലയില്‍ ചെമ്പിന് നിര്‍ണായകമായ പ്രാതിനിധ്യമുണ്ടാവും. അപ്പോള്‍ ഡിമാന്റു നേരിടാന്‍ ലോകത്തിലെ ചെമ്പു ഖനികള്‍ക്കു കഴിയാതെ വരുമെന്നാണ് വിലയിരുത്തല്‍. അപ്പോള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുനര്‍ നവീകരിക്കാവുന്ന ഊര്‍ജം, വന്‍തോതില്‍ വികസിക്കുന്ന പവര്‍ ഗ്രിഡുകള്‍ എന്നിവയ്ക്കായി ദശ ലക്ഷക്കണക്കിന് ടണ്‍ ചെമ്പിന്റെ ആവശ്യം വരുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിലയില്‍ കുതിപ്പിനു സാധ്യതയുണ്ടെങ്കിലും ചൈനീസ് ധന വിപണിയിലെ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയും ആഗോള വളര്‍ച്ചാ കാഴ്ചപ്പാടില്‍ ഉണ്ടായ തളര്‍ച്ചയും വിലയില്‍ സമ്മര്‍ദം സൃഷ്ടിക്കുകയാണ്. ഭാവിയില്‍ ചൈനീസ് ഡിമാന്റിലുണ്ടാകുന്ന വളര്‍ച്ച ചെമ്പിന്റെ വിലയിലും കുതിപ്പ് സൃഷ്ടിക്കും.