ദുരിത കാഴ്ചകൾ; കല്യാണ ചെക്കനും പെണ്ണിനും കുളിക്കാൻ വെള്ളമില്ല, പല്ലുതേക്കാൻ നെട്ടോട്ടം; പെടാപ്പാടിൽ ഗർഭിണികൾ:

0

തിരുവനന്തപുരം∙ ചിങ്ങത്തിലെ അവസാന ഞായറാഴ്ച, ഏറ്റവും ശുഭ മുഹൂർത്തം. ഗുരുവായൂരിൽ റെക്കോർഡ് കല്യാണം നടന്ന ഇന്നലെ തിരുവനന്തപുരത്തും വിവാഹങ്ങൾക്കു കുറവൊന്നുമുണ്ടായിരുന്നില്ല. പുലർച്ചെ വെള്ളമെത്തും എന്ന ജല അതോറിറ്റിയുടെ വാക്കും വിശ്വസിച്ചിരുന്ന കല്യാണ വീട്ടുകാരെല്ലാം പല്ലുതേയ്ക്കാൻപോലും വെള്ളമില്ലാതെ നെട്ടോട്ടമോടി. ‘‘’ഞങ്ങൾ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല, പയ്യനും പെണ്ണും എന്തു ചെയ്യും’’ എന്നായിരുന്നു സങ്കടംപറച്ചിൽ. പുലർച്ചെ കല്യാണപ്പയ്യനും പെണ്ണിനും വെള്ളം ഒപ്പിക്കാൻ ബന്ധുക്കൾ പരക്കം പാഞ്ഞു. അങ്ങനെ വീട്ടുകാർക്കും ബന്ധുക്കൾക്കും മറക്കാനാവാത്ത അവിസ്മരണീയ ദിനമായി പല കല്യാണങ്ങളും മാറി.

വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ട് കല്യാണമണ്ഡപങ്ങളിലും ഉണ്ടായി. തിരുവനന്തപുരത്തെ പേരുകേട്ട ഒരു വിവാഹസദ്യയ്ക്കായി വലിയ തോതിലാണു പണം കൊടുത്തു കല്യാണ മണ്ഡപങ്ങളിൽ വെള്ളമെത്തിച്ചത്. ചില കല്യാണ മണ്ഡപങ്ങൾ ഇതിന്റെ  പണം വീട്ടുകാരിൽനിന്നു തന്നെ പിഴിഞ്ഞു. സദ്യയ്ക്കിടെ മൂന്നു തവണയെങ്കിലും വിതരണം ചെയ്യുന്ന കുടിവെള്ളം ഒന്നായി ഒതുക്കി. ശുഭ മുഹൂർത്തം ആയതിനാൽ ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകളും നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ ഉണ്ടായിരുന്നു. കല്യാണത്തിനും പാലുകാച്ചൽ ചടങ്ങിനുമെല്ലാം കുളിച്ചൊരുങ്ങി അതിഥികളായി പോകേണ്ടവരും പ്രയാസപ്പെട്ടു.

ടൗൺ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക്

വെള്ളമില്ലാത്തത് അവസരമായത് തിരുവനന്തപുരത്തെ ചില ഗ്രാമവാസികൾക്കാണ്. ഉദ്യോഗത്തിന്റെ ഭാഗമായി നഗരത്തിൽ താമസിക്കുന്ന പലരും നനയ്ക്കാനുള്ള തുണികളുമായി ഗ്രാമങ്ങളിലെ മാതാപിതാക്കളുടെ അടുത്തേക്കു പാഞ്ഞു. ഗ്രാമങ്ങളിലെ പൈപ്പ്‌ലൈൻ വഴിയുള്ള കുടിവെള്ള വിതരണത്തിനു തടസം നേരിട്ടിട്ടില്ലായിരുന്നു. ഇവിടങ്ങളിൽ പുഴയിൽ നീന്തിയും കുളത്തിൽ മുങ്ങിയും കുളിക്കാൻ വെള്ളവുമുണ്ടായിരുന്നു. ഓണപരീക്ഷ നടക്കുന്നതിനാൽ ഇന്നലെ സന്ധ്യയോടെ പലരും നഗരത്തിലേക്കു തിരിച്ചു. ഇതുകഴിഞ്ഞ് രാത്രി എട്ടു മണിയോടെയാണു നഗരത്തിൽ അവധി പ്രഖ്യാപിച്ചത്.

സ്ത്രീകൾ ചെറിയ തോതിലൊന്നുമല്ല ഈ ദിവസങ്ങളിൽ ബുദ്ധിമുട്ടിയത്. ദുരിതം കൂടുതലും വേട്ടയാടിയത് ഗർഭിണികളെയാണ്. കൈക്കുഞ്ഞുങ്ങളുമായി പലരും വലഞ്ഞു. വ്യക്തി ശുചിത്വം പാലിക്കേണ്ട ആർത്തവ സമയത്തും പലരും ബുദ്ധിമുട്ടി. പ്രതിസന്ധി വകവയ്ക്കാതെ ഓണക്കച്ചവടത്തിനായി തുറന്ന വസ്ത്ര വ്യാപാരശാലകളിലെ വനിതാ ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ കുഴഞ്ഞു.

അവസരം മുതലാക്കാനാകാതെ ഹോട്ടലുകാർ

വെള്ളമില്ലാത്തതിനാൽ മൂന്നു നേരവും ഭക്ഷണം പുറത്തുനിന്നാക്കിയ വീട്ടുകാരുമുണ്ടായിരുന്നു. ഫുഡ് ഡെലിവറി ബോയ്സിനു നിന്നുതിരിയാൻ സമയമില്ലായിരുന്നു. എന്നാൽ അവസരം മുതലാക്കാൻ കഴിയാതെ പോയതിന്റെ വിഷമം ഭൂരിപക്ഷം ഹോട്ടൽ ഉടമകൾക്കുമുണ്ട്. അധികവില കൊടുത്തു വെള്ളം വാങ്ങിയാണ് ഹോട്ടലുകളിൽ പാചകം നടന്നത്. ചിലരാകട്ടെ ഞായറാഴ്ചയല്ലേ എന്നു കരുതി ഹോട്ടലുകൾ അടച്ചിട്ടു.

അവസരം മുതലാക്കാനായി വില കൂട്ടി ഭക്ഷണം വിറ്റവരും കുറവല്ല. കേറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ, സ്വകാര്യ ക്ലിനിക്കുകൾ, ബ്യൂട്ടിപാർലറുകൾ, വാഹനങ്ങളുടെ സർവീസ് സെന്ററുകൾ, ഡ്രൈ‌ക്ലീൻ കമ്പനികൾ തുടങ്ങി ജനങ്ങൾ പതിവായി ആശ്രയിക്കുന്ന സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.

ചാകരക്കൊയ്ത്ത്

വെള്ളമില്ലാത്തത് നഗരത്തിൽ ഗുണം ചെയ്തത് ഒരു വിഭാഗത്തിനു മാത്രമാണ് – കുടിവെള്ള കമ്പനികൾ. അഞ്ച് ലീറ്റർ വെള്ളത്തിനു ഇന്നലെ രാവിലെ 100 രൂപയായിരുന്നു. രാത്രിയാകട്ടെ പലയിടത്തും ഇത് 150 രൂപയായി. കരിഞ്ചന്തയിൽ കുടിവെള്ളം വാങ്ങേണ്ട അവസ്ഥയായെന്നു പലരും തലയിൽ കൈവച്ചു പറഞ്ഞു. അതോടൊപ്പം വീടുകളിൽ ആരും ഗൗനിക്കാതെ കിടന്ന കിണറുകൾക്ക് ജീവൻ വച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. ചിലർ കപ്പിയും കോരിയും വാങ്ങാൻ ഓടുന്നത് കാണാമായിരുന്നു.

ആ മരണം അങ്ങനെയല്ല

വെള്ളം ചുമന്നുകൊണ്ടുപോകവെ മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചതായി പ്രചാരണവും ഇന്നലെ നഗരത്തിലുണ്ടായി. മണക്കാട് റസിഡന്റ്സ് അസോസിയേഷനിൽ താമസിക്കുന്ന സതീഷ് കുമാർ(54) കഴിഞ്ഞ ദിവസമാണു മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ വെള്ളവുമായി പോകുന്നതിനിടെ കുഴഞ്ഞുവീണ സതീഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണു പ്രദേശവാസികൾ പറയുന്നത്.

ഇതുകേട്ടപാടെ, തലസ്ഥാനത്തെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഫോണുകളിലേക്കു പ്രാദേശിക നേതാക്കളുടെ വിളി തുടങ്ങി. സമരത്തിനായി കൊടികൾ തപ്പിയെടുത്തവരുമുണ്ട്. പ്രചരണത്തിനു പിന്നാലെ ബന്ധുക്കൾ ഇതു നിഷേധിച്ചു. കാര്യം തിരക്കിയെത്തിയ മാധ്യമപ്രവർത്തകർക്കുനേരെ അവർ തട്ടിക്കയറുകയും ചെയ്തു.

കുളങ്ങൾ കുളമായി

ഇരുന്നൂറിലധികം കുളങ്ങളുള്ള തദ്ദേശ സ്ഥാപനമാണ് തിരുവനന്തപുരം കോർപറേഷൻ. നേമം സോണലിനു കീഴിൽ മാത്രം 20 കുളമുണ്ടെന്നാണ് കണക്ക്. 90% കുളങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. കാടുപിടിച്ചും മലിനജലം നിറഞ്ഞും അലങ്കോലമായ കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ ഈ ഗതികേട് ചെറിയ തോതിലെങ്കിലും ചെറുക്കാമായിരുന്നു.

ഒരു ദിവസം പറഞ്ഞു, 5 ദിവസമായി

തിങ്കൾ: റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പുകളുടെ അലൈൻമെന്റ് മാറ്റി സ്ഥാപിക്കുന്നതിനാൽ കുടിവെള്ള വിതരണം ഒരു ദിവസം മുടങ്ങുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ്.

ബുധൻ: മുൻകരുതലായി വെള്ളം ശേഖരിച്ച് പൊതുജനം.

വ്യാഴം: രാവിലെ 8 മണിക്ക് കുടിവെള്ള വിതരണം നിന്നു.

വെള്ളി: സമയപരിധി പറഞ്ഞ 24 മണിക്കൂർ കഴിഞ്ഞിട്ടും വെള്ളമില്ല. പണി തീർന്നില്ല. ശേഖരിച്ച വെള്ളം തീരുന്നു.

ശനി: അടിയന്തര യോഗം വിളിച്ചു മന്ത്രി ശിവൻകുട്ടി. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ നിർദേശം. ഞായറാഴ്ച പുലർച്ചെ വെള്ളമെത്തുമെന്ന് ഉറപ്പ്. വാൽവിൽ ലീക്ക് കണ്ടെത്തി. കുപ്പിവെള്ളം വാങ്ങിത്തുടങ്ങി ജനം.

ഞായർ: പണി തീരുന്നില്ല. അടിയന്തര യോഗങ്ങൾ. വെള്ളം വൈകുന്നേരം വരുമെന്നു മന്ത്രിയുടെ ഉറപ്പ് വീണ്ടും പാഴായി. രാത്രി 10.30ന് പമ്പിങ് തുടങ്ങി.

തിങ്കൾ: പുലർച്ചെയോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തി. രാവിലെയായപ്പോഴേക്കും നഗരവാസികൾക്ക് ആശ്വാസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *