ബികോം ഓണേഴ്സിന് പ്രവേശനം നേടിയ 74 കാരി!; ‘ആറിലും അറുപതിലും ഒരുപോലെ’

0

കൂത്താട്ടുകുളം∙ ‘ആറിലും അറുപതിലും ഒരു പോലെയല്ലേ മക്കളേ’ പുതിയ തലമുറയ്ക്കൊപ്പം പഠനം എങ്ങനെയുണ്ടെന്നു ചോദിച്ചാൽ ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം ഓണേഴ്സ് പഠനത്തിനു പ്രവേശനം നേടിയ എഴുപത്തിനാലുകാരി ആലപുരം മടുക്ക സ്വദേശിനി എഴുകാമലയിൽ പി.എം. തങ്കമ്മയുടെ മറുപടിയാണിത്. ഇതിൽനിന്നു വ്യക്ത‌മാണ് പ്രായം നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന തങ്കമ്മയുടെ ‘ന്യൂജൻ വൈബ്’.

എംജി സർവകലാശാലാ അലോട്മെന്റിലാണ് വിസാറ്റ് കോളജിൽ റഗുലർ കോഴ്‌സിന് തങ്കമ്മയ്ക്ക് അഡ്മ‌ിഷൻ ലഭിച്ചത്. കോളജിന്റെ പ്രത്യേക അഭ്യർഥന പ്രകാരം പ്രായപരിധിയിലെ തടസ്സം നീക്കി കോളജ് യൂണിഫോമും ബാഗുമൊക്കെയായി കലാലയത്തിലേക്കെത്തുമ്പോൾ തങ്കമ്മയ്ക്ക് ഇപ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കാണ്. 16 വിദ്യാർഥികളാണ് ക്ലാസിലുള്ളത്.

പണ്ട് എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 1968ൽ ആയിരുന്നു വിവാഹം. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തി. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ തങ്കമ്മയ്ക്കു മേറ്റ് സ്‌ഥാനം ലഭിക്കാൻ പത്താം ക്ലാസ് യോഗ്യത വേണമെന്ന് വന്നതോടെയാണ് തുടർ പഠനത്തിനു തീരുമാനിച്ചത്. സാക്ഷരതാ മിഷൻ പത്താം ക്ലാസ് പരീക്ഷയെഴുതി 74% മാർക്കോടെ വിജയിച്ചു. ഈ വർഷം 78% മാർക്കോടെ പ്ലസ് ടു ഹ്യൂമാനിറ്റീസും പാസായി. വിദ്യാരംഭത്തിനു നാട്ടിലെ കുട്ടികളെ എഴുത്തിനിരുത്താറുമുണ്ട് തങ്കമ്മ.

കെപിഎംഎസ്, മരങ്ങോലി പള്ളിയിലെ പ്രവർത്തനങ്ങൾ, കുടുംബശ്രീ എന്നിവയിലും സജീവമാണ്. ബിരുദ പഠനത്തിനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ തങ്കമ്മയ്ക്ക് അവസരമൊരുക്കിയത് കോളജ് ഫീസും ബസിലെ യാത്രയും സൗജന്യമാണ്. യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കുള്ള ഫീസ് മാത്രം കണ്ടെത്തിയാൽ മതിയാകും. മക്കളായ ബാബു, ലീന എന്നിവരുടെ പൂർണ പിന്തുണയുമുണ്ട്.

thankamma1

‘സാധാരണ പുരുഷൻമാർ വയ്ക്കുന്ന കയ്യാല വരെ തൊഴിലുറപ്പിൽ വയ്ക്കുന്നവരാണ് ഞങ്ങൾ. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. ബികോം നല്ല മാർക്കിൽ പാസാകുമെന്ന് വിശ്വാസമുണ്ട്’’- തങ്കമ്മ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *