വിമാനങ്ങൾ വൈകുന്നു;തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്
തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിൽ വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു. ഒരു സർവീസും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ചില സർവീസുകൾ 30 മിനിറ്റു വരെ വൈകുന്നതായും അവർ പറഞ്ഞു.
ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യാന്തര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർത്തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 10നാണ് സമരം ആരംഭിച്ചത്. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലാണു സമരം. മാസങ്ങളായി കേന്ദ്ര ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ പലതവണ ചർച്ച നടന്നെങ്കിലും നടപടിയെടുക്കാത്തതിനെത്തുടർന്നാണു സമരമെന്നു സംയുക്ത യൂണിയൻ നേതാക്കൾ അറിയിച്ചു