നിവിൻ പോളിക്കെതിരായ കേസിൽ ബലാത്സംഗ തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി
കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡിസംമ്പർ 14,15 തീയതികളിലാണ് അതിക്രമം നടന്നതെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് യുവതി പറഞ്ഞു. പൊലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും പൊലീസ് വിളിപ്പിച്ചത് വരുമാനമാർഗം തിരിക്കാനാണെന്നും കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു.
അതിക്രമം നടന്ന തീയതി താൻ ഇതുവരെ പൊതു സമൂഹത്തോട് വെളിപ്പെടുത്തിയിട്ടില്ല. ശരിയായ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തത്. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
എന്നാൽ ഇവർ പറയുന്ന ദിവസങ്ങളിൽ നിവിൻ പോളി തങ്ങൾക്കൊപ്പം ഷൂട്ടിംഗിൽ ഉണ്ടായിരുന്നെന്നും പരാതി വ്യാജമാണെന്നും വ്യക്തമാക്കി വിനീത് ശ്രീനിവാസൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകളിലൂടെ പരാതിയുടെ സത്യാവസ്ഥ തെളിയിക്കാൻ ശ്രമിക്കുകയാണ് പോലീസ്.
യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക് പരാതി നൽകിയിരുന്നു. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.
യുവതി പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെതന്നെ ഇത് വ്യാജമാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി നിവിൻ പോളി രംഗത്ത് വന്നിരുന്നു. താൻ എവിടേയ്ക്കും ഓടിപ്പോകില്ലെന്നും ഏതന്വേഷണത്തേയും നേരിട്ട് ഇതിന്റെ അവസാനം വരെ ഉണ്ടാകുമെന്നും താരം വ്യക്തമാക്കിയിരുന്നു.