അൻവറിന്റെ ആരോപണം മുഖ്യമന്ത്രിയെ അപമാനിക്കൽ’ ‘ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചു
കൊച്ചി ∙ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ട വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാവിനെ സ്വകാര്യമായി കണ്ടെന്ന് അന്നുതന്നെ അറിഞ്ഞിട്ടും മുഖ്യമന്ത്രി വിശദീകരണം ചോദിക്കുകയോ നടപടി എടുക്കുകയോ ചെയ്തോ എന്ന് സതീശൻ ചോദിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് ഭരണം നടത്തുന്നതും പൊലീസിനെ നിയന്ത്രിക്കുന്നതെന്നും ഇതിൽ മന്ത്രിസഭയിലെ ഒരംഗവുമുണ്ടെന്നും സതീശൻ ആരോപിച്ചു.
‘‘ഹിന്ദുവിനെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമെല്ലാം വാതോരാതെ ക്ലാസെടുക്കുന്ന ബിജെപി ചെയ്തത് എന്താണ്? പൂരം അമ്പലങ്ങളുടെ ഉത്സവമാണ്. ആ ഉത്സവമാണ് ബിജെപി കലക്കിയത്. ഭൂരിപക്ഷമായ ഹിന്ദുക്കളെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്തത്. ന്യൂനപക്ഷങ്ങളുടെ ആളാണെന്ന് നടിച്ച് ബിജെപിയുമായി ബന്ധമുണ്ടാക്കി പൂരം കലക്കി അവരെ വിജയിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം ചെയ്തത്. രണ്ടുകൂട്ടരുടേയും മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞുവീണിരിക്കുന്നത്. പൂരം കലക്കിയതിന്റെ ഇരയാണ് താനെന്ന് സുനിൽ കുമാർ പറഞ്ഞത് ശരിയാണ്. യുഡിഎഫിന്റെ കുറെ വോട്ട് തൃശൂരിൽ സുനിൽ കുമാറിന് കിട്ടിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ജയിക്കാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ സുനിൽ കുമാർ തൃശൂരിൽ പരാജയപ്പെട്ടത് സിപിഎമ്മിന്റെ വോട്ട് വലിയ തോതിൽ ബിജെപിയിലേക്ക് പോയതുകൊണ്ടാണ്. മാത്രമല്ല, വലിയ തോതിൽ ഹൈന്ദവവികാരം ഇവിടെ ഉണ്ടാക്കിയതിന്റെ ഗുണഭോക്താവും ബിജെപിയാണ്’’, സതീശൻ ആരോപിച്ചു.
എഡിജിപിയെ മുഖ്യമന്ത്രി പറഞ്ഞുവിട്ടതല്ലെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും ഇക്കാര്യം അറിഞ്ഞപ്പോൾ എന്തു നടപടിയാണ് ഉണ്ടായത് എന്ന് സതീശൻ ചോദിച്ചു. ‘‘ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തിൽ പുനർവിചാരം വേണമെന്ന് പറഞ്ഞയാളാണ് ഈ ആര്‍എസ്എസ് നേതാവ്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യമായി ആർഎസ്എസ് നേതാവിനെ പോയി കണ്ട് ഒരു മണിക്കൂർ ചർച്ച നടത്തിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ആ ഉദ്യോഗസ്ഥൻ ആ സ്ഥാനത്ത് തുടരുന്നു. അതിനർഥം മുഖ്യമന്ത്രിയുടെ ദൂതനായി പോയതാണ് എന്നാണ്. ആദ്യം ചില ആർഎസ്എസുകാര്‍ പറഞ്ഞത്, കഴിഞ്ഞ 3 കൊല്ലത്തിനിടയിൽ ദത്താത്രേയ ഹൊസബാളെ വന്നിട്ടില്ല എന്ന്. എന്നാൽ ഹൊസബാളെ വന്നിരുന്നു, 20 ദിവസത്തെ ആർഎസ്എസ് ക്യാംപ് നടന്നു, 3 ദിവസം അദ്ദേഹം തൃശൂരിൽ ഉണ്ടായിരുന്നു, അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി എം.എർ.അജിത് കുമാർ കാണുകയായിരുന്നു. സിപിഎമ്മുകാർ പറയുന്നത് അജിത് കുമാര്‍ സിപിഎമ്മുകാരനല്ല എന്നാണ്. അദ്ദേഹം സിപിഎമ്മുകാരനാണെന്ന് ആരും ആരോപിച്ചിട്ടില്ല’’– സതീശൻ പറഞ്ഞു.
കേന്ദ്ര ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനു വേണ്ടിയും ഏജൻസികളെ സ്വാധീനിക്കുന്നതിനു വേണ്ടിയും മുഖ്യമന്ത്രി മുൻപും ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ടെന്ന് സതീശൻ ആരോപിച്ചു. ‘‘ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്നപ്പോൾ അദ്ദേഹത്തിന് ഡൽഹിയിലുണ്ടായിരുന്ന ചില ബന്ധങ്ങൾ പിണറായി വിജയൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് ആർക്കാണ് അറിയാത്തത്? മുഖ്യമന്ത്രിയായ ശേഷം മസ്കറ്റ് ഹോട്ടലിൽ വച്ച് ആത്മീയ നേതാവായ ശ്രീ എം.ന്റെ സാന്നിധ്യത്തിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയോട് നിയമസഭയിൽ വച്ച് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ മുതിർന്ന നേതാക്കളിലൊരാളും മലയാളിയുമായ ബാലശങ്കർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു സമയത്ത് സിപിഎമ്മും ബിെജപിയും തമ്മിൽ ഒരു ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയും സിപിഎമ്മുമായി ഒരു അവിഹിതമായ ബന്ധമുണ്ടെന്ന് രണ്ടു വർഷം മുമ്പേ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണിത്’’– സതീശൻ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും സതീശൻ പ്രതികരിച്ചു. ‘‘പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർക്കെതിരെ കേസുകളുണ്ട്, അറസ്റ്റിലാകുന്നുണ്ട്. എന്നാൽ ഇവിടെ പിണറായി വിജയനു മാത്രം ചില പ്രത്യേകാനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അറിവോടെ തന്നെയാണ്. അത് ഞങ്ങൾ ഉന്നയിച്ച രാഷ്ട്രീയ ആരോപണമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം തുടങ്ങി അദ്ദേഹത്തെ ആക്ഷേപിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്. കേന്ദ്ര ഏജൻസികൾ പിണറായി വിജയന് പ്രത്യേകമായ ഒരു ആനകൂല്യം നൽകുന്നുണ്ട്. അങ്ങനെയുള്ള ബന്ധമാണ് പിന്നീട് പൂരം കലക്കലിലേക്ക് പോയത്. ബിജെപിയെ തൃശൂരിൽ ജയിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കൽ. എന്തായിരുന്നു അന്ന് സിപിഎമ്മിന്റെയും സർക്കാരിന്റെയും പ്രതിരോധം. ഒരു ഉദ്യോഗസ്്ഥൻ അഴിഞ്ഞാടിയതാണ് കാരണമെന്നാണ് പറഞ്ഞത്. അയാൾ ഈ അക്രമം മുഴുവൻ നടത്തുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെയുണ്ട്. അപ്പോൾ ഇടപെടില്ലേ? സാധാരണ പൂരസമയത്ത് എഡിജിപിയും ഐജിയും കമ്മിഷണറുമൊക്കെ അവിടെയുണ്ടാകാറുണ്ട്. ഇതിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവാണ് കമ്മിഷണർ അടക്കമുള്ളവർ പാലിക്കുന്നത്. പൂരത്തിനു മുമ്പുള്ള യോഗങ്ങളിലും എഡിജിപി പങ്കെടുത്തിരുന്നല്ലോ. എഡിജിപി സ്ഥലത്തുണ്ടായിരുന്ന സമയത്ത് എങ്ങനെയാണ് ഒരു കമ്മിഷണർക്ക് പൂരം അലങ്കോലപ്പെടുത്താൻ സാധിക്കുന്നത്? ബിജെപിയെ സഹായിക്കാനായി പൊലീസിനെക്കൊണ്ട് സിപിഎം പൂരം കലക്കിപ്പിക്കുകയായിരുന്നു’’– സതീശൻ ആരോപിച്ചു.
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വി.ഡി.സതീശനു വേണ്ടിയാണെന്ന പി.വി.അൻവറിന്റെ ആരോപണം മുഖ്യമന്ത്രിയെ അപമാനിക്കലാണെന്നും സതീശൻ പറഞ്ഞു. ആഭ്യന്തര വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ എഡിജിപി എനിക്കു വേണ്ടിയാണ് ആര്‍എസ്എസ് നേതാവിനെ കണ്ടതെങ്കിൽ മുഖ്യമന്ത്രി ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല എന്നാണ് അൻവർ പറയുന്നത്. പി.ശശിയേയും എഡിജിപിയേയും മാറ്റാത്തതിനേയും സതീശൻ വിമർശിച്ചു. ‘‘ഒരുപാട് രഹസ്യങ്ങൾ അറിയാവുന്ന ആളുകൾ ആയതിനാലാണ് ഇരുവരെയും മാറ്റാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു ഉപജാപക സംഘമാണ് പൊലീസിനെ നിയമന്ത്രിക്കുന്നത്. ഭരണത്തെ നിയന്ത്രിക്കുന്നതും അവർ തന്നെ. മന്ത്രിസഭയിലെ ഒരു ഉന്നതനും ആ ഉപജാപക സംഘത്തിലുണ്ട്. അതൊക്കെ കൊണ്ടുകൂടിയാണ് സിപിഎമ്മിൽ ഇപ്പോൾ കൊട്ടാരവിപ്ലവം നടന്നുകൊണ്ടിരിക്കുന്നത്’’– സതീശൻ പറഞ്ഞു.
കൂടിക്കാഴ്ച സംബന്ധിച്ച് തനിക്കെതിരെ രംഗത്തു വന്ന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നടപടി നന്ദി കാണിക്കലാണെന്നും സതീശൻ പറഞ്ഞു. ഞാൻ മുഖ്യമന്ത്രിയെക്കുറിച്ചാണ് പറഞ്ഞത്. അദ്ദേഹത്തിനില്ലാത്ത എന്ത് വേവലാതിയാണ് സുരേന്ദ്രന്? തന്റെ പേരിലുണ്ടായിരുന്ന കുഴൽപ്പണക്കേസ് ഒത്തുതീർപ്പാക്കിയതിന് സുരേന്ദ്രൻ, പിണറായി വിജയന് നന്ദി കാണിക്കുന്നതാണ്. കുഴൽപ്പണത്തിന് പിടിച്ച ആളുടെ ഫോൺവിളി എങ്ങോട്ടാണ് പോയത്? അന്നു രക്ഷപെടുത്തി കൊടുത്തതിന്റെ നന്ദിപ്രകടനമാണ് സുരേന്ദ്രൻ നടത്തുന്നത്’’– സതീശൻ പറഞ്ഞു.