തൃശൂർ പൂരം അലങ്കോലവുമായി ബന്ധപ്പെട്ട് ആർഎസ്എസ് മേധാവിയുമായി എഡിജിപിയുടെ കൂടിക്കാഴ്ച്ച

0

തിരുവനന്തപുരം∙ ‘‘തൃശൂര്‍കാരെ സംബന്ധിച്ച് തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കി എന്നതാണ്. തൃശൂര്‍കാരുടെ വികാരമാണ് പൂരം. അതിന്റെ പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചുവെന്നു പുറത്തുവരണം’’ – ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറിന്റെ വാക്കുകളാണിത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ സമ്മതിക്കുന്നതോടെ വെട്ടിലാകുന്നതു പൊലീസിനൊപ്പം ആര്‍എസ്എസുമാണ്. 2023 മേയ് 22-ന് തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ തുടര്‍ച്ചയായാണ് തൃശൂരിലെ സംഭവവികാസങ്ങളെന്നുമുള്ള ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.

ദത്താത്രേയ ഹൊസബാളെയും എഡിജിപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വി.ഡി.സതീശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ നിഷേധവും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറില്‍ ഹോട്ടലില്‍ എത്തിയത് കൂടിക്കാഴ്ച രഹസ്യമാക്കി വയ്ക്കാനാണെന്നാണ് ആക്ഷേപം.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ രഹസ്യമായി കണ്ടതെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ചത്. പാലക്കാട്ട് നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ പങ്കെടുത്തുവെന്ന രഹസ്യവിവരം തനിക്കു പൊലീസില്‍നിന്നു കിട്ടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പി.വി.അന്‍വര്‍ പറഞ്ഞ അന്നു തന്നെയാണു പ്രതിപക്ഷ നേതാവും സമാനമായ ആരോപണം എഡിജിപിക്കെതിരെ ഉന്നയിച്ചത്.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ, ആര്‍എസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *