കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ച് പി.വി. അൻവർ
മലപ്പുറം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസ് ബന്ധമെന്ന് പി.വി. അൻവർ എംഎൽഎ. എഡിജിപി എം.ആർ.അജിത് കുമാർ, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അൻവർ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശൻ അടിയന്തര വാർത്താസമ്മേളനം നടത്തി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിയാണ് എഡിജിപിയെ പറഞ്ഞ് അയച്ചതെന്ന സതീശന്റെ പ്രസ്താവന, പുനർജനി കേസിലെ ഇ.ഡി അന്വേഷണം ഒഴിവാക്കാനാണെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മുൻപാകെ മൊഴി നൽകാനായി മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് പി.വി. അൻവർ, പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.
‘‘സതീശൻ കുരുങ്ങാൻ പോവുകയാണ്. പണം തട്ടിയിട്ടില്ലെങ്കിൽ അന്വേഷണം നടത്താൻ സതീശൻ ഇ.ഡിക്ക് എഴുതി കൊടുക്കട്ടെ. സതീശനെ ഞാൻ വെല്ലുവിളിക്കുകയാണ്. മൊഴിയെടുക്കുമ്പോൾ സത്യസന്ധമായി എല്ലാം പറയും. തെളിവുകൾ കൈമാറും. തെളിവുകൾ കിട്ടിക്കൊണ്ടേ ഇരിക്കുകയാണ്’’ – അൻവർ പറഞ്ഞു.
‘‘എഡിജിപിയും ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്.’’ – അൻവർ ആരോപിച്ചു.
22ാം തീയതിയാണ് പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിച്ചത്. തന്റെ ഫോൺ എഡിജിപി ചോർത്തിയതിനു പിന്നാലെയാണ്. എഡിജിപി ആവശ്യപ്പെട്ടിട്ടാണ് മാധ്യമപ്രവർത്തകരെ പ്രതിപക്ഷ നേതാവ് അടിയന്തരമായി വിളിച്ചുവരുത്തിയത്. മൊഴിയെടുപ്പിൽ പി.ശശിയും എഡിജിപിയുമായി ബന്ധത്തെ കുറിച്ച് ചോദിച്ചാൽ അതും പറയും. എഡിജിപിക്കെതിരെ തന്റെ കയ്യിലുള്ള എല്ലാ തെളിവുകളും അന്വേഷണ സംഘത്തിനു നൽകുമെന്നും അൻവർ പറഞ്ഞു.
പൊലീസിനെതിരെ പരാതി അറിയിക്കാൻ താൻ കൊണ്ടുവന്ന പുതിയ വാട്സാപ് നമ്പറിൽ തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് പി.വി. അൻവർ പറഞ്ഞു. ഇന്നലെ പുറത്തിറക്കിയ വാട്സാപ് നമ്പറിൽ ഇരുന്നൂറോളം വിവരങ്ങൾ ലഭിച്ചു. പൊലീസിലെ 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിൽ പരാതി കൈകാര്യം ചെയ്യുന്നത്. വാട്‌സാപ് നമ്പറിൽ ലഭിച്ച പരാതികൾ എല്ലാം പാർട്ടിക്കാരുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കും. കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അൻവർ പറഞ്ഞു.