സുനിതയും വിൽമോറും ഇനി 8 മാസത്തിനുശേഷമെത്തും: ലക്ഷ്യമിട്ടത് 8 ദിവസയാത്ര; സ്റ്റാർലൈനർ തനിച്ച് തിരിച്ചെത്തി
വാഷിങ്ടൻ∙ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ബഹിരാകാശത്തേക്കുപോയ ബോയിങ് സ്റ്റാർലൈനർ ഇരുവരുമില്ലാതെ ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് സ്റ്റാർലൈനർ ഭൂമിയിലേക്കു പുറപ്പെട്ടത്. ഈ പേടകത്തിൽ ജൂണിലാണ് സുനിതയും വിൽമോറും ബഹിരാകാശത്തെത്തിയത്. ഇവരുടെ മടക്കം അടുത്ത ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചത്.
എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യവുമായി ജൂൺ 5നായിരുന്നു ബോയിങ് സ്റ്റാർലൈനറിൽ സുനിതയും വിൽമോറും യാത്ര തിരിച്ചത്. യാത്രയിൽ പേടകത്തിന്റെ 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തകരാറിലായിരുന്നു. ഇതു ഹീലിയത്തിന്റെ ചോർച്ചയിലേക്കു നയിച്ചു. ഇരുവരെയും വഹിച്ച് സ്റ്റാർലൈനർ തിരിച്ചിറക്കുന്നതിൽ ആശങ്കയുണ്ടെന്ന് നാസയുടെ വിദഗ്ധസംഘം വിലയിരുത്തിയതിനെത്തുടർന്നാണ് സ്റ്റാർലൈനർ തനിച്ച് മടങ്ങിയത്. സ്റ്റാർലൈനറിന്റെ ‘ശത്രു’ എലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗണിന്റെ പേടകത്തിലായിരിക്കും സുനിതയും വിൽമോറും എട്ടു മാസത്തിനുശേഷം തിരികെയെത്തുക.