വയനാട് മണ്ണിടിച്ചിലിനിടെ ആനക്കാംപൊയി-മേപ്പാടി തുരങ്കപാതയിൽ കേരള ഹൈക്കോടതി ആശങ്ക ഉയർത്തി.

0

 

കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ, നിർദിഷ്ട ആനക്കാംപൊയിൽ–മേപ്പാടി തുരങ്ക പാതയെക്കുറിച്ച് ചോദ്യവുമായി ഹൈക്കോടതി. ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

ഹിൽ സ്റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന വിവരങ്ങളും സൗകര്യങ്ങളും ഉൾപ്പെടെ വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ടണലിന്റെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തുടക്കത്തിൽ തന്നെ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

വയനാട്ടിൽ തുരങ്കം നിർമിക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. സർക്കാരും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂലമാണെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുരങ്ക പദ്ധതിക്ക് കോടതി എതിരല്ല. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. വയനാട്ടിലെ ദുരന്ത മേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ അനുമതി വേണമെന്ന് നേരത്തേ കോടതി നിർദേശം നൽകിയിരുന്നു.

ഹിൽ സ്റ്റേഷനുകളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം, താമസിക്കാനുള്ള സ്ഥലങ്ങൾ, വാഹനങ്ങൾ, വിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യ–വന്യജീവി സംഘർഷങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും റിപ്പോർട്ടിൽ ഉണ്ടാകണം. ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഉണ്ടെങ്കിൽ അത് സമർപ്പിക്കാം. ഇല്ലെങ്കിൽ 3 ആഴ്ച കൊണ്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണം. റിപ്പോർട്ട് ഒക്ടോബർ അവസാനം കോടതിയിൽ സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ടൂറിസം കേന്ദ്രങ്ങളെ അവയുടെ പഴയ പെരുമയിലേക്ക് തിരികെ കൊണ്ടുവരാനാകണമെന്നു കോടതി അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതോടെ അവിടെയുള്ള സൗകര്യങ്ങളും വർധിപ്പിക്കേണ്ടി വരുന്നു. സ്ഥലത്തിന് ഉൾക്കൊള്ളാന്‍ കഴിയാതാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളായ ജനങ്ങൾക്കും ഇത് പ്രശ്നമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു പുറത്തുവരാൻ കുട്ടികൾക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *