അർജൻ്റീന ഫുട്ബോൾ അക്കാദമി മലപ്പുറത്ത് സ്ഥാപിക്കും
മലപ്പുറം ∙ കേരളത്തിൽ അർജന്റീനയുടെ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുമെന്നു കായികമന്ത്രി വി. അബ്ദുറഹിമാൻ. മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ താപിയയും മഡ്രിഡിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.അർജന്റീന ഫുട്ബോൾ അസോസിയേഷൻ നേരിട്ടു നടത്തുന്ന അക്കാദമി മലപ്പുറത്ത് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലാകും പ്രവർത്തിക്കുകയെന്ന് മന്ത്രി അബ്ദുറഹിമാൻ മഡ്രിഡിൽനിന്ന് ‘മനോരമ’യോടു പറഞ്ഞു.
സംസ്ഥാന സർക്കാരുമായി ചേർന്നു വിവിധയിടങ്ങളിൽ അക്കാദമി സ്ഥാപിക്കാനുള്ള സന്നദ്ധതയും കൂടിക്കാഴ്ചയിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു.കേരളത്തിലെ അർജന്റീന ആരാധകരെ ഹൃദയപൂർവം സ്വീകരിക്കുവെന്നു പറഞ്ഞാണ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിച്ചത്.
മെസ്സി കളിക്കുമോ; നവംബറിലറിയാംമെസ്സിയും സംഘവും കേരളത്തിൽ കളിക്കുമോയെന്നു നവംബറിൽ അറിയാമെന്നു മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സ്റ്റേഡിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിശോധിക്കുന്നതായി നവംബർ ആദ്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തും. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാൻ മന്ത്രി വി.അബ്ദുറഹിമാനും കായിക വകുപ്പ് സെക്രട്ടറിയും ഡയറക്ടറും കഴിഞ്ഞ ദിവസമാണു മഡ്രിഡിലെത്തിയത്.