ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ സിദ്ധരാമയ്യ കോവിഡ് കാലത്തെ അഴിമതി ആയുധമാക്കി

0

ബെംഗളൂരു: കോവിഡ് കാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാകും അന്വേഷണം നടത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) അടക്കമുള്ളവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം. കോവിഡ് മഹാമാരിക്കിടെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്തുനടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോടികളുടെ അഴിമതി നടന്നുവെന്ന സൂചനയാണ് ഇടക്കാല റിപ്പോര്‍ട്ടിലുള്ളതെന്ന് നിയമ – പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് കാലത്തുനടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ പ്രത്യേക സംഘം കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്തുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണം സിദ്ധരാമയ്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയ്‌ക്കൊരുങ്ങുന്നത്. സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അനുമതിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരേ നടപടിയുണ്ടാകാന്‍ പാടില്ലെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി.

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും തന്റെ പ്രതിച്ഛായയെ ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നടപടി ഭരണത്തെ തടപ്പെടുത്താന്‍ വേണ്ടിയാണെന്നും ഇത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *