കേരള മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി
കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെയും എസ്പി സുജിത് ദാസിനെയും പൂട്ടാനുള്ള തെളിവ് പി.വി.അൻവറിന്റെ കയ്യിലുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. ‘‘അൻവറിനെ പൂട്ടാനുള്ള തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള തെളിവ് എഡിജിപിയുടെയും എസ്പിയുടെയും കയ്യിലുണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ എല്ലാ നെറികേടിനും കൂടെ നിന്നിട്ടുള്ളത്. മുഖ്യമന്ത്രിയെയും അൻവറിനെയും എഡിജിപിയെയും എസ്പിയെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കയ്യിലുണ്ട്. അപ്പോൾ ബാക്കിയുള്ളവരെല്ലാം ശശിയായി.
ഇത് ഇവർ തമ്മിൽ ഒത്തുതീർപ്പാക്കേണ്ട പ്രശ്നമല്ല. പൊതുജങ്ങൾക്കു കൂടി അറിയേണ്ട കാര്യങ്ങളാണിത്. എഡിജിപി ആളുകളെ കൊല്ലിച്ചിട്ടുണ്ട് എന്നാണ് അൻവർ പറഞ്ഞത്. ആ പ്രശ്നം എങ്ങനെയാണ് മുഖ്യമന്ത്രിയുടെയും അൻവറിന്റെയും എഡിജിപിയുടെയും മാത്രം പ്രശ്നമാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളതെല്ലാം കള്ളൻമാരാണ്.
ഇതിനിടെ വയനാട്ടിലെ ദുരന്തത്തെക്കുറിച്ച് എല്ലാവരും മറന്നുപോകുന്നു. അവിടെ ഇപ്പോഴും പുനരധിവാസം പൂർത്തിയായിട്ടില്ല. ആളുകൾ അനാഥരായി നിൽക്കുകയാണ്. ഇവരുടെ നെറികെട്ട രാഷ്ട്രീയത്തിനിടെ ദുരിതബാധിതരെ മറന്നു പോകുന്നു. വൈറ്റ് ഗാർഡിന്റെ ഭക്ഷണം വിതരണം തടഞ്ഞത് എഡിജിപിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി തന്നെ വെളിപ്പെടുത്തി. അൻവർ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയിൽ നിന്നാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്’’ – കെ.എം.ഷാജി പറഞ്ഞു.