തോമസ് കെ തോമസ് vs ശശീന്ദ്രൻ: “മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവെക്കൂ”
തിരുവനന്തപുരം∙ മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രമേ മന്ത്രിസ്ഥാനം ഒഴിയൂ എന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. മന്ത്രിയായി ഇപ്പോഴും ഓഫിസില്‍ തന്നെയുണ്ട്. മന്ത്രിസ്ഥാനം ഇപ്പോള്‍ ഒഴിയേണ്ട കാര്യമില്ല. മന്ത്രിമാറ്റം എന്നത് മാധ്യമങ്ങളില്‍ വരുന്ന കാര്യമാണെന്നും ശശീന്ദ്രന് പറഞ്ഞു. ശശീന്ദ്രനു പകരം കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിന് അവസരം നല്‍കണമെന്ന തരത്തില്‍ എന്‍സിപിയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണു മന്ത്രിയുടെ പ്രതികരണം. മന്ത്രിസ്ഥാനത്തുനിന്നു മാറേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് നിലപാടിലാണ് മന്ത്രി ശശീന്ദ്രന്.
കഴിഞ്ഞ ദിവസം പാര്‍ട്ടി ഉപസമിതിയുമായുള്ള ചര്‍ച്ചയിലും വഴങ്ങില്ലെന്ന സൂചനയാണു മന്ത്രി നല്‍കിയത്. മന്ത്രിയെ അനുനയിപ്പിക്കാനായിരുന്നു ചര്‍ച്ച. എന്‍സിപി ഭാരവാഹികളായ പി.എം.സുരേഷ് ബാബു, കെ.ആര്.രാജന്, ലതിക സുഭാഷ് എന്നിവര്‍ നടത്തിയ ചര്‍ച്ച രണ്ടര മണിക്കൂറിലേറെ നീണ്ടെങ്കിലും ഫലമുണ്ടായില്ല.
രണ്ടര വര്‍ഷത്തിനുശേഷം ശശീന്ദ്രനു പകരം തന്നെ മന്ത്രിയാക്കാമെന്ന ധാരണയുണ്ടെന്നു ചൂണ്ടിക്കാട്ടി തോമസ് ഉയര്‍ത്തിയ അവകാശവാദം സംസ്ഥാന നേതൃത്വം അംഗീകരിച്ചതോടെയാണു മന്ത്രി ഇടഞ്ഞത്. അങ്ങനെ ഒരു കരാര്‍ നിലവിലില്ലെന്ന് ഇതുവരെ പറഞ്ഞ സംസ്ഥാന നേതൃത്വം ഇപ്പോള്‍ തിരക്കിട്ടു തന്നോട് ഒഴിയാന്‍ പറയുന്നതില്‍ അനീതിയുണ്ടെന്നാണു ശശീന്ദ്രന്റെ നിലപാട്. പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ ദേശീയ അധ്യക്ഷന്‍ പറഞ്ഞാല്‍ അംഗീകരിക്കും. ആ സാഹചര്യം വന്നാല്‍ നിയമസഭാംഗത്വവും ഒഴിയാനാണ് ആഗ്രഹിക്കുന്നത്. ഉപസമിതി ഇതിനോടു യോജിച്ചില്ല. സൗഹാര്‍ദാന്തരീക്ഷത്തില്‍ മാറ്റം നടപ്പാക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടു സര്‍ക്കാരുകളുടെ കാലത്തും ദീര്‍ഘകാലം മന്ത്രിയാകാന്‍ ശശീന്ദ്രന് അവസരം കിട്ടിയതും ചൂണ്ടിക്കാട്ടി.
തര്‍ക്കത്തിനിടെ, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തോമസ് കെ.തോമസിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇത് എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കി. തോമസ് കെ. തോമസിന് ഒരുവര്‍ഷത്തേക്കെങ്കിലും മന്ത്രി പദവി നല്‍കണമെന്ന് പാര്‍ട്ടിയുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ശശീന്ദ്രനു പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. രണ്ടരവര്‍ഷം കഴിഞ്ഞു മാറണമെന്ന ഉപാധിവച്ചു. അതിനും ശശീന്ദ്രന് വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്റെ പിടിവള്ളി. എന്നാല്‍ അടുത്തിടെ ശശീന്ദ്രന് ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ.തോമസുമായി പി.സി.ചാക്കോ അടുക്കുകയായിരുന്നു. ഇതോടെയാണ് തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷരുടെ പിന്തുണ കൂടി നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം.