സപ്ലൈകോ വില വർധന: ഓപ്പൺ മാർക്കറ്റിനേക്കാൾ ചെലവ് കുറവാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വർദ്ധനവിനെ പ്രതിരോധിക്കുന്നു
തിരുവനന്തപുരം∙ സപ്ലൈക്കോയിൽ അരിയും പഞ്ചസാരയുമുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍. ഇപ്പോഴും പൊതുവിപണിയേക്കാള്‍ വിലക്കുറച്ചാണ് സപ്ലൈക്കോയില്‍ നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്കു നല്‍കുന്നതു വിലക്കയറ്റമാണോ എന്നു മന്ത്രി ചോദിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിപണിയേക്കാള്‍ വിലക്കുറവ് സപ്ലൈക്കോയില്‍ തന്നെയാണെന്നും ഇന്ത്യയില്‍ വേറെ ഏതു സര്‍ക്കാര്‍ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.
സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ ഓരോ ഉല്‍പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്താല്‍ നട്ടം തിരിഞ്ഞ ജനങ്ങൾ ഓണക്കാലത്ത് സപ്ലൈക്കോയിലെത്തിയപ്പോള്‍ പഞ്ചസാരയുടേയും അരിയുടേയുമുള്‍പ്പെടെയുള്ള വില വര്‍ധന കേട്ട് ഞെട്ടിയിരിക്കെയാണ് മന്ത്രിയുടെ ന്യായീകരണം.
സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കു വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽനിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല. 13 ഇനം സബ്സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ‘ജയ’യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയിൽനിന്ന് 33 ആക്കിയിരുന്നു. പൊതു വിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെ വിലയും പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.