എഡിജിപിയെ മാറ്റണമെന്ന അൻവറിൻ്റെ ആവശ്യം തള്ളി വി ശിവൻകുട്ടി പിണറായി വിജയനെ പിന്തുണച്ചു.

0

 

തിരുവനന്തപുരം∙ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മന്ത്രി വി.ശിവന്‍കുട്ടി. എഡിജിപിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് അന്തസായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടക്കട്ടെ എന്നിട്ടു തീരുമാനിക്കാം.

എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യമാണ്. സര്‍ക്കാരിന്റെ അഭിപ്രായം സര്‍ക്കാര്‍ പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അന്‍വറിന്റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടിയെടുത്തു. ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നു. അന്‍വറോ പി.ശശിയോ ശരിയെന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പരാതിയും ആര്‍ക്കുമില്ല. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കേരളത്തിലെ സമസ്ത പ്രശ്‌നങ്ങളിലും നെഞ്ചു കൊടുത്തു നിന്ന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട്ടിലെ സംഭവങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളും നിയമാനുസൃതമായി കൈകാര്യം ചെയ്യുകയാതെന്നു മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോ. ആര്‍എസ്എസുകാര്‍ തലയ്ക്കു വില പറഞ്ഞ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയുള്ള വ്യക്തിക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ഒരാള്‍ പോലും വിശ്വസിക്കില്ല. വിരോധമുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്ന രീതി പ്രതിപക്ഷ നേതാവ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ശിവന്‍കുട്ടി പറഞ്ഞു.
എഡിജിപി വീടു പണിയുന്നതു സംബന്ധിച്ച ചോദ്യത്തിന് ആരൊക്കെ വീടു പണിയുന്നുവെന്നതിന്റെ എണ്ണമെടുക്കല്‍ അല്ല എന്റെ ജോലി എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇപ്പോഴത്തെ വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *