‘അൻവർ ഇഫക്ടിൽ’ തിളച്ച് ബ്രാഞ്ച് സമ്മേളനങ്ങൾ; കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ തകർച്ചയുണ്ടാവില്ല
തിരുവനന്തപുരം∙ ബ്രാഞ്ച് സമ്മേളനങ്ങളിൽ പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ പ്രധാന ചർച്ചയാകുന്നു. അൻവറിന്റെ ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് സമ്മേളനങ്ങളിലെ ആവശ്യം. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയാണ് സിപിഎമ്മിന്റെ നിലമ്പൂർ എംഎൽഎയായ പി.വി.അൻവര്‍ ആരോപണങ്ങൾ ഉന്നയിച്ചത്. എം.ആർ.അജിത് കുമാർ കൊടിയ ക്രിമിനലാണെന്നും കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് ബ്രാഞ്ച് തലത്തിൽ ഉയരുന്നത്. ഇതോടെ, സിപിഎം സമ്മേളനത്തിലൊട്ടാകെ വിഷയം സജീവ ചർച്ചയാകുമെന്ന് ഉറപ്പായി. ജനകീയ പ്രശ്നങ്ങളിൽ പോലും പൊലീസ് സ്റ്റേഷനുകളിൽനിന്ന് അനുഭാവപൂർവമായ നടപടി പാർട്ടിക്കാർക്ക് ലഭിക്കുന്നില്ലെന്നാണ് വിമർശനം. ധാർഷ്ട്യത്തോടെയാണ് ചില പൊലീസുകാരുടെ പെരുമാറ്റം. പൊലീസിനെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങളിൽ മിക്കവയും പൊലീസിന്റെ സംഭാവനയാണ്. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യമാണെന്നും അഭിപ്രായമുണ്ടായി.
മുഖ്യമന്ത്രിയുടെ ഓഫിസിനെ സംബന്ധിച്ചും വിമർശനങ്ങളുണ്ടായി. പി.ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളായിരുന്നു ചർച്ചയായത്. ഓഫിസിലെ ചിലരുടെ നടപടികൾ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയതായും അഭിപ്രായമുയർന്നു. മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് തലസ്ഥാന ജില്ലയിലെ സമ്മേളനങ്ങളിൽ ചില പ്രതിനിധികൾ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടി ഈ വിധത്തിൽ തകരില്ലെന്നായിരുന്നു പരാമർശം.