ഡീപ്ഫേക്ക് വിഡിയോ ചാറ്റിങ്ങും പണം തട്ടിപ്പും ജോലി, കുടുക്കി’ ‘75,000 രൂപ ശമ്പളമെന്ന് വാഗ്ദാനം;

0

കോഴിക്കോട്∙ ബാലുശ്ശേരി സ്വദേശി ലാവോസിൽ ജോലി തട്ടിപ്പിനിരയായ സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി എൻഐഎ. വിദേശ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെട്ട് ലാവോസിലെ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി രാഹുൽ രാജ് അതിസാഹസികമായാണ് കഴിഞ്ഞ ദിവസം തിരികെ നാട്ടിലെത്തിയത്. എഐ ടെക്നോളജി ഉപയോഗിച്ച് ഡീപ് ഫേക്ക് വിഡിയോ ചാറ്റിങ്, സൗഹൃദം നടിച്ച് പണം തട്ടിപ്പ് എന്നിവയൊക്കെയാണ് ഇവിടെ നടത്തിയിരുന്നത്.

ഡേറ്റാ എൻട്രി, ഐടി ജോലികൾ എന്നിവ വാഗ്ദാനം ചെയ്താണ് യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. കേരളത്തിൽ നിന്നും നിരവധിപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും എറണാകുളത്തുള്ളവരും രക്ഷപ്പെട്ട് തിരികെ എത്തിയിട്ടുണ്ടെന്നും രാഹുൽ മനോരമ ഓൺലൈനോട് പറഞ്ഞു. ചൈനയിലെ പ്രമുഖ ഐടി കമ്പനിയിലേക്കെന്നു പറഞ്ഞാണ് സംഘത്തിലെ ഇടനിലക്കാരൻ രാഹുലിനെ സമീപിച്ചത്. പ്രതിമാസം 75,000 രൂപ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനത്തിൽ ആകൃഷ്ടനായി രാഹുൽ സമ്മതം പറഞ്ഞതോടെ യാത്രയ്ക്ക് ഇവർ തിടുക്കം കൂട്ടി.

ഇടനിലക്കാരുടെ കമ്മിഷനും യാത്രാചെലവുകളും ഉൾപ്പെടെ മൂന്നര ലക്ഷത്തോളം രൂപയാണ് രാഹുലിന് നഷ്ടമായത്. കഴിഞ്ഞ മാസം 5ന് കൊച്ചിയിൽ നിന്നു ബാങ്കോക്കിലേക്കു തിരിച്ചു. അവിടെ നിന്നു ലാവോസിന്റെ തലസ്ഥാനം വഴി ഗോൾഡൻ ട്രയാങ്കിളിലും എത്തി. അവിടെ ഐടി പാർക്ക് പോലുള്ള വലിയ സ്ഥാപനത്തിൽ എത്തിച്ച ശേഷം ഇവിടെയാണ് ജോലിയെന്ന് ഇവർ പറഞ്ഞതായും രാഹുൽ ആരോപിക്കുന്നു.

ചെയ്യേണ്ട ജോലികൾ അറിഞ്ഞതോടെയാണ് തകർന്നുപോയതെന്ന് രാഹുൽ പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെയും മറ്റും സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും, അവർ ആവശ്യപ്പെട്ട ഫോട്ടോകളും ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് ഉൾപ്പെടുത്താനുമായിരുന്നു നിർദേശം. ഈ ‌ജോലി പറ്റില്ലെന്നു പറഞ്ഞപ്പോൾ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. വിഡിയോ ഗെയിമിങ് ലൈസൻസ് ദുരുപയോഗം ചെയ്താണ് ഇവർ തട്ടിപ്പു നടത്തുന്നതെന്നാണ് രാഹുൽ പറയുന്നത്.

‘‘ഇത്തരത്തിലുള്ള ഒട്ടേറെ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 15 ദിവസത്തോളം കമ്പനിയിൽ ജോലി ചെയ്യേണ്ടി വന്നു. പൊലീസ് റെയ്ഡിന് എത്തിയപ്പോഴാണ് കമ്പനിയിൽനിന്നു രക്ഷപ്പെടാനായത്. പാസ്പോർട്ട് ഉൾപ്പെടെ പിടിച്ചുവച്ചിരിക്കുന്നതിനാൽ നിരവധിപ്പേർക്കു രക്ഷപ്പെടാൻ സാധിച്ചില്ല. ’’ – രാഹുൽ പറഞ്ഞു.

പാസ്പോർട്ടുമായി പുറത്തു കടന്ന ശേഷം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെട്ടതോടെയാണ് രാഹുലിന് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്. വിദൂര സ്ഥലത്ത് ഒളിച്ചു താമസിച്ചിരുന്ന രാഹുലിനു വിമാനത്താവളത്തിൽ എത്താനായി സുരേഷ് ഗോപിയുടെ ഓഫിസ് എംബസിയുമായി ബന്ധപ്പെട്ട് വാഹനം അയച്ചു. കഴിഞ്ഞ ദിവസം തിരികെ കൊച്ചിയിൽ എത്തിയപ്പോൾ എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചതായി രാഹുൽ പറഞ്ഞു. തുടർന്ന് എൻഐഎ അന്വേഷണം ആരംഭിക്കുകയായിരുന്നു.

തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് രാഹുൽ ബാലുശ്ശേരി പൊലീസിലും റൂറൽ എസ്പിക്കും പരാതി നൽകി. ഏജന്റിനെ ചോദ്യം ചെയ്യാൻ പൊലിസ് വിളിപ്പിച്ചു. കോഴിക്കോട് സ്വദേശികളായ മറ്റുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തിയാണ് ജോലി വാഗ്ദാനം ചെയ്യുന്നതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ബെംഗളൂരു ആസ്ഥാനമായ ഏജൻസിയാണ് പിന്നിൽ. വലിയ സംഘം തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *