അദ്ദേഹത്തിന് എന്തോ മറയ്ക്കാനുണ്ട്- ഷിബു ബേബിജോൺ, പിണറായി കള്ളന്മാർക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രി
കൊല്ലം: കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളരാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുകയാണ് പതിവ്. ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എ. തന്നെ ആക്ഷേപവുമായി മുന്നോട്ടുവന്നിരിക്കുന്നു. അതിന്റെ തലങ്ങളും മാനങ്ങളും മാറി. പി.വി.അന്‍വര്‍ എം.എല്‍.എ.യുടെ വിശ്വാസ്യതയെപ്പറ്റി നേരത്തേ സംശയമുണ്ടായിരുന്നു. വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയുന്ന ഒരാളായിരുന്നു അന്‍വര്‍. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം കണ്ടപ്പോള്‍ അന്‍വറിന്റെ പതിവ് ശൈലിയായാണ് തോന്നിയത്. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ കണ്ടതോടെ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്നുമാണ് തോന്നിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്‍വറിനെ ഒരു ഭാഗത്തും മറുഭാഗത്ത് മുഖ്യമന്ത്രിക്കുവേണ്ടി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെയും നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. സുജിത്ത് ദാസ് എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പോലീസ് സേനയ്ക്ക് മാത്രമല്ല, ആത്മാഭാമിനമുള്ള മലയാളിക്ക് ലജ്ജിക്കാനുള്ള സാഹചര്യമൊരുക്കി. ആ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി അഴിമതി നടത്തുന്നതിന് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.