സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മൗനം വെടിയണം; ‘അൻവറിന്റെ ആരോപണങ്ങൾ അതീവ ഗൗരവതരമെന്നാണ് ഗോവിന്ദൻ പറഞ്ഞത്

0

ന്യൂ‍ഡൽഹി∙ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും  അൻവറും ചേർന്നു പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ചെയ്ത കൊള്ളരുതായ്മകൾ പിണറായി വിജയനും പി.വി.അൻവറും തമ്മിലുള്ള വ്യക്തിപരമായ കാര്യമായി ചുരുങ്ങരുത്. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘‘പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും ആലോചിച്ച് ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല ഇത്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്. എനിക്ക് മുഖ്യമന്ത്രിയും പാർട്ടിയും ആണ് ഏറ്റവും വലുതെന്ന അൻവറിന്റെ മറുപടിയിലൂടെ ഈ പ്രശ്നങ്ങൾ അവസാനിക്കില്ല. മന്ത്രിമാരുടെ ഫോൺ ചോർത്തൽ, സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്നു വിപണനം, കൊട്ടേഷൻ സംഘങ്ങൾ, ആളെ കൊല്ലിക്കൽ തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങളാണു മുഖ്യമന്ത്രിയുടെ രണ്ട് വിശ്വസ്തർക്കെതിരെ അൻവർ ഉന്നയിച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി അൻവറിനെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത്? ആരെ സംരക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്? സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയുടെ കണ്ണും കാതും അടഞ്ഞുപോയോ?.

കേരളത്തിൽ നിന്നുള്ള കുറെ നേതാക്കന്മാർ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഉണ്ടല്ലോ. അവരാരും എന്താണ് പ്രതികരിക്കാത്തത്? അൻവർ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്നാണ് എം.വി. ഗോവിന്ദനും ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനും പറഞ്ഞത്. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി മൗനം വെടിയണമെന്നു ബിജെപി ആവശ്യപ്പെടുന്നു.’’ – കെ.സുരേന്ദ്രൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *