പോരാട്ടം തുടരുമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ ; പാക്കിസ്ഥാനെ തകർത്തെറിഞ്ഞു, അടുത്തത് ഇന്ത്യയ്ക്കെതിരെ;
ധാക്ക∙ ഇന്ത്യയ്ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് പുറത്തെടുത്ത പോരാട്ടം ഇന്ത്യയ്ക്കെതിരെയും ആവർത്തിക്കണമെന്നും ബംഗ്ലദേശ് ക്യാപ്റ്റൻ ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. ‘‘ഇന്ത്യയ്ക്കെതിരായ പരമ്പര ഞങ്ങൾക്കു വളരെ പ്രധാനപ്പെട്ടതാണ്. ഈ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുഷ്ഫിഖർ റഹീം, ഷാക്കിബ് അൽ ഹസൻ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്കെതിരെ നിർണായകമാകും.’’– ഷന്റോ പ്രതികരിച്ചു.
‘‘പാക്കിസ്ഥാനിലെ സാഹചര്യങ്ങളിൽ മെഹ്ദി ഹസൻ മിറാസ് മികച്ച രീതിയിൽ പന്തെറിഞ്ഞ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയ്ക്കെതിരെയും ഇതേ പ്രകടനം തുടരുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.’’– ഷന്റോ വ്യക്തമാക്കി. പാക്കിസ്ഥാനിലെ റാവൽപിണ്ടിയില്‍ നടന്ന രണ്ടു ടെസ്റ്റുകളിൽ 10 വിക്കറ്റുകളാണ് സ്പിന്നറായ മെഹ്ദി ഹസൻ മിറാസ് ആകെ വീഴ്ത്തിയത്. രണ്ട് അർധ സെഞ്ചറികളും മിറാസ് പാക്കിസ്ഥാനെതിരെ അടിച്ചെടുത്തു.
പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് നേടിയത്. രണ്ടാം മത്സരം ആറു വിക്കറ്റിനു വിജയിച്ചതോടെ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് പരമ്പരയും ബംഗ്ലദേശ് സ്വന്തമാക്കി. മോശം പ്രകടനം തുടർക്കഥയാക്കിയ പാക്കിസ്ഥാൻ നാട്ടിൽ നടക്കുന്ന പത്താം ടെസ്റ്റും വിജയമില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പാക്ക് താരങ്ങൾക്കെതിരെ മുൻ ക്രിക്കറ്റ് താരങ്ങളടക്കം രംഗത്തെത്തി. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.