കണ്ടെത്തലുമായി ജ്യോതിശാസ്ത്രജ്ഞർ 6000 വർഷം മുമ്പ് നടന്ന സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്;
സൂര്യഗ്രഹണം മനുഷ്യനെ സംബന്ധിച്ച് ഒരു അത്ഭുതക്കാഴ്ചയാണ്. ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും സൂര്യഗ്രഹണം എന്താണെന്നതിന്റെ ശാസ്ത്രീയ വിശദീകരണം ഇന്ന് എല്ലാവര്‍ക്കും അറിയാം. ഒട്ടേറെ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
ഇപ്പോഴിതാ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കം ചെന്ന പരാമര്‍ശം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പുരാതന ഇന്ത്യയിലെ വൈദിക സംസ്‌കൃത സൂക്തങ്ങളുടെ ശേഖരമായ ഋഗ്വേദത്തിലാണ് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു ഗ്രഹണത്തെക്കുറിച്ചുള്ള പരാമര്‍ശം കണ്ടെത്തിയത്. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍വേദങ്ങളില്‍ ആദ്യത്തേതാണ് ഋഗ്വേദം. ബിസി 2000-നും 1000-നും ഇടയിലാണ് വേദ കാലഘട്ടം നിലനിന്നിരുന്നത്. ഇതില്‍ ബിസി 1500 ലോ അതിന് ശേഷമോ ആണ് ഋഗ്വേദം രചിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മതപരവും തത്വശാസ്ത്രപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഋഗ്വേദത്തിലുണ്ട്. അതോടൊപ്പം അക്കാലത്തെ ചരിത്രപരമായ ഒട്ടേറെ സംഭവങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതില്‍ ഭൂരിഭാഗം സംഭവങ്ങളും വേദം എഴുതപ്പെടുന്ന കാലത്ത് സംഭവിച്ചവയാണ് എങ്കിലും മുന്‍കാലങ്ങളില്‍ സംഭവിച്ച ചില സംഭവങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്.
ജ്യോതിശാസ്ത്രജ്ഞരായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ മായങ്ക് വഹിയയും നാഷണല്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാനിലെ മിറ്റ്‌സുറു സോമയുമാണ് ഋഗ്വേദത്തില്‍ പ്രാചീന കാലത്ത് നടന്ന സൂര്യഗ്രഹണത്തിന്റെ പരാമര്‍ശങ്ങളുള്ളതായി കണ്ടെത്തിയത്. ഇവരുടെ പഠനം ആസ്‌ട്രോണമിക്കല്‍ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഋഗ്വേദത്തിലെ വിവിധ ഭാഗങ്ങളില്‍ മഹാവിഷുവത്തില്‍ (Vernal Equinox) ഉദിക്കുന്ന സൂര്യന്റെ സ്ഥാനം പരാമര്‍ശിച്ചിട്ടുണ്ട്. ഒരു പരാമര്‍ശത്തില്‍ മഹാവിഷുവം ഓറിയണില്‍ നടന്നുവെന്ന് വിവരിക്കുമ്പോള്‍ മറ്റൊന്ന് അത് പ്ലീയാഡിസില്‍ (കാര്‍ത്തിക) സംഭവിച്ചതാണെന്ന് പറയുന്നു. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുമ്പോള്‍ ഈ സുപ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങളുടെ ആപേക്ഷിക സ്ഥാനവും മാറുന്നുണ്ട്. നിലവില്‍, വസന്തവിഷുദിനം മീനരാശിയിലാണ്. എന്നാല്‍ അത് 4500 ബിസിയില്‍ ഓറിയോണിലും ബിസി 2230 ല്‍ പ്ലീയാഡിലും ആയിരുന്നു. ഇതുവഴി സംഭവം നടന്ന സമയം കണ്ടെത്താന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സാധിക്കും.
4202 ബിസി യില്‍ ഒക്ടോബര്‍ 22-നും 3811 ബിസി ഒക്ടോബര്‍ 19-നുമായിരിക്കാം ഇത് നടന്നതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. ഇതുവരെ അറിയപ്പെട്ട സൂര്യഗ്രഹണത്തേ കുറിച്ചുള്ള പരാമര്‍ശത്തേക്കാള്‍ ഏറ്റവും പഴക്കമുള്ളതാണിത്.
സൂര്യഗ്രഹണത്തെ കുറിച്ച് നേരിട്ടുള്ള പരാമര്‍ശമല്ല ഋഗ്വേദത്തിലുള്ളത്. “ഇരുട്ടും അന്ധകാരവും കൊണ്ട് സൂര്യന്‍ ‘തുളയ്ക്കപ്പെടുന്നു’, ദുഷ്ടജീവികള്‍ കാരണം കൂര്യന്റെ മാന്ത്രിക കലകള്‍ അപ്രത്യക്ഷമാകുന്നു”. എന്നാണ് പരാമര്‍ശം. ഈ വിവരണത്തിന് രാഹുവുമായും കേതുവുമായുമായി യാതൊരു ബന്ധവുമില്ലെന്നും അവ ആധുനിക മിത്തുകളാണെന്നും ഗവേഷകര്‍ പറയുന്നു.
ഈ പരാമര്‍ശങ്ങള്‍ക്ക് ശേഷമുള്ള ഭാഗങ്ങള്‍ പൂര്‍ണസൂര്യഗ്രഹണം ഉണ്ടായ സമയം കണക്കാക്കാനും ജ്യോതിശാസ്ത്രജ്ഞരെ സഹായിച്ചു. തുലാ വിഷുവത്തിന് മൂന്ന് ദിവസം മുമ്പാണ് സൂര്യഗ്രഹണമുണ്ടായതെന്നാണ് അവ നല്‍കുന്ന സൂചന. ഋഗ്വേദം രചിച്ചവര്‍ ജീവിച്ചിരുന്ന സ്ഥലത്താണ് അത് ദൃശ്യമായതെന്നും കരുതുന്നു.