ആഡംബരജീവിതം, കേസുകൾ സ്വന്തം വാദിക്കും; ‘വക്കീൽ’ സജീവൻ പിടിയിൽ പകൽസമയത്ത് മാത്രം മോഷണം,
കൊച്ചി: മറൈന്‍ഡ്രൈവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവര്‍ന്ന കേസില്‍ മോഷ്ടാവ് ഒറ്റപ്പാലം സ്വദേശി സജീവന്‍ (വക്കീല്‍ സജീവന്‍) അറസ്റ്റില്‍.
പൂജപ്പുരയില്‍നിന്ന് 10 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മറൈന്‍ഡ്രൈവിലെ മോഷണക്കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ജൂലായ് 21-ന് രാവിലെ 10-നായിരുന്നു മറൈന്‍ഡ്രൈവിലെ മോഷണം. നീളത്തിലുള്ള കമ്പി ഉപയോഗിച്ച് പൂട്ട് തകര്‍ത്തശേഷമാണ് പണം അപഹരിച്ചത്. മോഷണത്തിന് ശേഷം ഇയാള്‍ മുംബൈയിലേക്ക് കടന്നു. മോഷണമുതല്‍ വിറ്റ് ആഡംബരജീവിതം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.
കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 40-ലധികം കേസുകളുണ്ട്. ഒറ്റയ്ക്ക് പകല്‍സമയത്ത് മാത്രമേ മോഷണം നടത്താറുള്ളൂ. കേസുകളെല്ലാം സ്വന്തമായി വാദിക്കുന്നതിനാലാണ് ‘വക്കീല്‍ സജീവന്‍’ എന്ന പേര് വന്നത്. കൊച്ചി സിറ്റി പോലീസിന് രണ്ടുദിവസത്തെ കസ്റ്റഡി അനുവദിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.