സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും പി.ശശിക്കെതിരായ പരാതി അന്വേഷിക്കാൻ സിപിഎം;

0

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായി പി.വി. അന്‍വര്‍ എംഎല്‍എ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.വി.അന്‍വര്‍ നല്‍കിയിരിക്കുന്ന പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ഇന്നു രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പി.വി.അന്‍വര്‍ പരാതി കൈമാറിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശശിക്കെതിരെ രേഖാമൂലമുള്ള ആരോപണങ്ങളാണ് ഇതോടെ പാര്‍ട്ടി നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അന്‍വര്‍ പരാതി കൈമാറിയിരുന്നു.

പരാതി സംസ്ഥാന സെക്രട്ടറിക്കു മുന്നിലെത്തിയതോടെ പാര്‍ട്ടി അതു പരിശോധിക്കും. സാധാരണ ഗതിയില്‍, അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പാകെ അന്‍വറിന്റെ പരാതി വരും. പരാതിയുടെ ഉള്ളടക്കവും കാമ്പും പോലെയിരിക്കും അന്വേഷണത്തിന്റെ സ്വഭാവമെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. ആരോപണങ്ങള്‍ സംബന്ധിച്ചു തനിക്കു പറയാനുള്ളത് ശശി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ പരാതി കൈമാറിക്കഴിഞ്ഞാല്‍ ശശിയും ഗോവിന്ദനെ കണ്ടേക്കും.

തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് മറ്റാരുമല്ല പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്ന നിലപാടിലാണ് പി.ശശിയുള്ളത്. ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും ശശി പ്രതികരിച്ചിരുന്നു. 1980ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ശശി പറഞ്ഞിരുന്നു.

എഡിജിപി എം.ആര്‍.അജിത്കുമാറിനും ശശിക്കും എതിരെ നേരത്തേ ഉന്നയിച്ച പരാതികളാണ് രേഖാമൂലം അന്‍വര്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. അതേസമയം പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പി.ശശി സമ്പൂര്‍ണ പരാജയമാണെന്ന ആരോപണം ഉന്നയിച്ചാണ് അന്‍വര്‍ ഗോവിന്ദനെ കണ്ടത്.  പൊലീസും പാര്‍ട്ടിയും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ശശിയുടെ കാര്യമാകും പാര്‍ട്ടി സെക്രട്ടറി പരിശോധിക്കുക. എഡിജിപിയുടെ കാര്യം പരിഗണിക്കുന്നത് മുഖ്യമന്ത്രിയായിരിക്കും.

മുഖ്യമന്ത്രിയില്‍ വലിയ സ്വാധീനം ഉണ്ടെന്നതുകൊണ്ടുതന്നെ ശശിയുമായി വളരെ സുഖകരമായ ബന്ധമല്ല മന്ത്രിമാര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. കണ്ണൂരിലെ ഉള്‍പാര്‍ട്ടി സമവാക്യങ്ങളില്‍ പി.ജയരാജനും പി.ശശിയും രണ്ടു ധ്രുവങ്ങളിലാണെങ്കില്‍ അതില്‍ ജയരാജനൊപ്പമാണ് ഗോവിന്ദന്‍. അന്‍വറിന്റെ പരാതി ശശിക്കെതിരെ ആയുധമാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചാല്‍ അതിനു നിന്നുകൊടുക്കാന്‍ പിണറായി തയാറാകുമോ എന്നതാണ് ചോദ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *