ആഡംബരവീട്,വിജിലൻസിൽ പരാതി എഡിജിപി അജിത് കുമാറിനെതിരെ

0

തിരുവനന്തപുരം∙ കവടിയാറില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഭാര്യയുടെ പേരില്‍ വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ് വിജിലന്‍സിനു പരാതി നല്‍കിയത്. കോടികള്‍ മുടക്കി കവടിയാറില്‍ വീട് നിര്‍മിക്കുന്നതു ചൂണ്ടിക്കാട്ടിയാണു പരാതി. സ്ഥലത്തിന് ലക്ഷങ്ങള്‍ വിലവരുന്ന കവടിയാറില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് അന്വേഷിക്കണമെന്നും അനധികൃത സ്വത്ത് സമ്പാദനമാണെങ്കില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

ഇ–മെയില്‍ ആയാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഈ പരാതി സര്‍ക്കാരിന് കൈമാറുകയാണ് പതിവ്. സര്‍ക്കാരിന്റെ അനുമതിയോടെയാണ് അന്വേഷണം നടക്കുക. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കും എന്നതാണ് നിര്‍ണായകം. കവടിയാറില്‍ അജിത്കുമാര്‍ 12,000 ചതുരശ്ര അടി വീട് നിര്‍മിക്കുന്നുവെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പി.വി.അന്‍വര്‍ ആരോപിച്ചതാണ് ആകാംക്ഷകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിതുറന്നത്.

സെന്റിന് 60–75 ലക്ഷം രൂപ വിലയുള്ളയിടത്ത് അജിത്കുമാറിനു 10 സെന്റും ഭാര്യാസഹോദരനു 12 സെന്റും സ്ഥലമുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. സോളര്‍ കേസ് അട്ടിമറിക്കുന്നതിന് അജിത് കുമാറിന്റെ ഇടപെടലുണ്ടായെന്നു പറയുന്ന ഫോണ്‍ റെക്കോര്‍ഡും പുറത്തുവിട്ടു. അതേസമയം, കവടിയാറില്‍ വീട് നിര്‍മിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ പ്രതിനിധിയുടെ അഭാവത്തില്‍ ഖനനം നടത്താന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പെര്‍മിറ്റ് നല്‍കിയതെങ്കിലും ഇതു ലംഘിച്ചാണു നിര്‍മാണം. കവടിയാര്‍ കൊട്ടാരത്തിനു പിന്നിലാണ് 4793.31 ചതുരശ്രയടി വിസ്തീര്‍ണമുള്ള 3 നില വീട് നിര്‍മിക്കുന്നത്. ഒരു നില തറനിരപ്പിനു താഴെയാണ്.

അജിത് കുമാറിന്റെ ഭാര്യ പി.എസ്.ഉഷയുടെ പേരില്‍ രാജകുടുംബാംഗത്തില്‍നിന്ന് 3 തവണയായി വാങ്ങിയ 9.5 സെന്റ് (3.85 ആര്‍) സ്ഥലത്താണ് വീട് പണിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഉഷ കോര്‍പറേഷനില്‍ നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിച്ചത്. കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ പെര്‍മിറ്റ് നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമ്മിറ്റി ടൗണ്‍ പ്ലാനര്‍ അപേക്ഷ മടക്കി. ഡിസംബര്‍ 27ന് വീണ്ടും സമര്‍പ്പിച്ചപ്പോഴാണ് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയത്. പിന്നീട് ഫയല്‍ നീങ്ങിയത് ശരവേഗത്തില്‍. ഈ വര്‍ഷം ജനുവരി 18ന് ഉഷ പുതുക്കിയ പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിച്ചു. ജനുവരി 31ന് 93,290 രൂപ ഫീസ് അടച്ചു. ഫെബ്രുവരി ഒന്നിന് പെര്‍മിറ്റ് ലഭിച്ചു. തറ നിരപ്പിനു താഴെയുള്ള നിലയുടെ നിര്‍മാണമാണ് നിലവില്‍ പുരോഗമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *