ഡിജിറ്റൽ കാർഷിക മിഷന് കേന്ദ്രത്തിന്റെ അംഗീകാരം കാർഷികമേഖലയ്ക്കായി 13,966 കോടി

0

ന്യൂഡൽഹി: കാർഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് കർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യംവച്ചുള്ള പദ്ധതികൾക്ക് അം​ഗീകാരം നൽകിയത്.

കർഷകരുടെ ഉന്നമനത്തിനുവേണ്ടി മന്ത്രിസഭായോ​ഗത്തിൽ നിർണായക തീരുമാനങ്ങളെടുത്തതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2817 കോടിയുടെ ഡിജിറ്റൽ കാർഷിക മിഷന് അം​ഗീകാരമായി. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏഴ് സുപ്രധാന തീരുമാനങ്ങളും യോ​ഗത്തിൽ കൈക്കൊണ്ടു. ഇതിൽ, ഏറ്റവും പ്രധാനം കാർഷിക മിഷനാണ്. പൈലറ്റ് പ്രൊജക്ടുകൾ ഏറ്റെടുക്കുകയും അതിൽ വിജയംനേടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, മൊത്തം 2817 കോടി രൂപ മുതൽമുടക്കിൽ ഡിജിറ്റൽ കാർഷിക മിഷൻ സ്ഥാപിക്കും.

ഇന്ത്യൻ ജനതയുടെ ഭക്ഷ്യ, പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിന് 3,979 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കുന്നത് ലക്ഷ്യംവച്ചുള്ള പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള ക്രോപ് സയൻസ്, ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നിവ കണക്കിലെടുത്ത് കർഷകരെ 2047-ഓടെ സജ്ജമാക്കാനുള്ള പദ്ധതികൾ ആരംഭിക്കും. കൂടാതെ, ഹോർട്ടികൾച്ചറിന്റെ സുസ്ഥിര വികസനത്തിനായി 860 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അം​ഗീകാരം നൽകി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രി റിസർച്ചിന് കീഴിൽ 2020-ലെ വിദ്യാഭ്യാസനയത്തിന് അനുസൃതമായി കാർഷിക വിദ്യാഭ്യാസവും ​ഗവേഷണവും മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 2,291 കോടി രൂപയാണ് കാർഷിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്ക് വേണ്ടി 1,202 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *