അശ്ലീലമുള്ള ചിത്രങ്ങൾ ഞാൻ ചെയ്യില്ല- അർജുൻജയ് ഹിന്ദ് പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന പ്രേക്ഷകരാണുള്ളത്,
തെന്നിന്ത്യൻ സിനിമയ്ക്ക് ആക്ഷൻ കിംഗ് എന്നാൽ ഒരു മുഖമേയുള്ളൂ, അർജുൻ സർജ. നാല് പതിറ്റാണ്ടായി ആക്ഷൻ കിംഗ് എന്ന ലേബൽ നിലനിർത്താൻ സാധിച്ചത് പ്രേക്ഷകർ തന്ന സ്നേഹവും മാതാപിതാക്കളുടെ അനുഗ്രഹവുമാണെന്ന് പറയുകയാണ് അർജുൻ. ചെയ്ത സിനിമകളേറെയും ദേശഭക്തി നിറഞ്ഞതും കുട്ടികൾക്ക് പോലും കാണാവുന്നതുമായതും പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹം ഇന്നും നിലനിർത്താൻ കാരണമായെന്ന് പറയുന്നു അർജുൻ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തുന്ന അർജുൻ മാതൃഭൂമി ഡോട്ട് കോമിനൊപ്പം ചേരുന്നു
വർഷങ്ങൾക്ക് മുമ്പ് മുതൽവനിലും ജെന്റിൽമാനിലും കണ്ട അതേ എനർജി ഇന്നും നിലനിർത്തുന്നതിൻ്റെ സീക്രട്ട് എന്താണ്
എന്റെ അച്ഛനും അമ്മയും അങ്ങ് മുകളിലുണ്ട്. അവരെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം തന്നെയാണ് ഇന്നും ഒരേപോലെ നിൽക്കാനുള്ള കാരണം. രണ്ടാമത്തെ കാരണം ജീവിതത്തിൽ ചില ചിട്ടകൾ ഒക്കെയുണ്ട്. കൃത്യമായ ഭക്ഷണവും വ്യായാമവും എല്ലാമുണ്ട്. മൂന്നാമത്തെ കാരണം പോസിറ്റീവായ ചിന്തകളാണ്. എല്ലാവർക്കും നല്ലത് വരണമെന്നും എല്ലാവരും നന്നായിരിക്കണമെന്നുമാണ് ഞാൻ ചിന്തിക്കാറുള്ളത്. എങ്കിലേ ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഉണ്ടാവുകയുള്ളൂ. താങ്കൾ പറഞ്ഞതുപോലെ അന്നും ഇന്നും ഞാൻ ഒരുപോലെ ഇരിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണങ്ങളും ഇതുതന്നെയാണ്.
അച്ഛനേയും അമ്മയേയും സ്നേഹിക്കണമെന്നുള്ളതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യം. അവരുടെ അനുഗ്രഹത്തിലും വലുതായി മറ്റൊന്നുമില്ല. ദൈവത്തോട് നമ്മൾ പറയില്ലേ, നമ്മളെ കാത്തുരക്ഷിക്കണമെന്ന്. ഞാൻ അങ്ങനെ പറയാറുള്ള ദൈവങ്ങൾ എന്റെ അച്ഛനും അമ്മയുമാണ്. എല്ലാവർക്കും അങ്ങനെ തന്നെയാണ് ആവേണ്ടത്. അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ എല്ലാം വന്നുചേരും. ചെറിയ കുട്ടിയായിരിക്കുമ്പോൾ നമ്മളെ അച്ഛനമ്മമാർ നോക്കിയത് എങ്ങനെയാണോ അതിലേറെ ഭംഗിയായി അവരെ അവരുടെ വാർധക്യത്തിൽ നമ്മൾ നോക്കണം. അപ്പോഴാണ് അവരുടെ അനുഗ്രഹം നമുക്ക് ലഭിക്കുകയുള്ളൂ. ഇതുതന്നെയാണ് എന്റെ സീക്രട്ട്.
നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്
44 വർഷമായി സിനിമയിൽ. വർഷങ്ങളുടെ കണക്കുകൾ ഞാൻ കാര്യമായി കാണുന്നില്ല. അത് വെറും സമയം മാത്രമാണ്. ഓരോ നിമിഷവും അപ്ഡേറ്റാവാൻ നോക്കാറുണ്ട്. ഇവിടെ നിലനിൽക്കണമെങ്കിൽ ആ അപ്ഡേഷൻ നിർബന്ധമാണ്. ഞാൻ നടനായാണ് തുടങ്ങിയത്, പിന്നീട് നിർമാതാവായി, സംവിധായകനായി, തിരക്കഥാകൃത്തായി, ഡിസ്ട്രിബ്യൂട്ടറായി. അഭിനയം പോലും അറിയാതെ വന്ന ആളാണ് ഞാൻ. മണ്ണ് പോലെ ആയിരുന്നു. ശരീരം നല്ലതായതുകൊണ്ട് സിനിമയിൽ വന്നു. പോലീസ് ആവണമെന്നായിരുന്നു ചെറുപ്പത്തിൽ ഉള്ള ആഗ്രഹം. സിനിമയിൽ ധാരാളം പോലീസ് വേഷങ്ങൾ ചെയ്ത് ആ ആഗ്രഹം അങ്ങ് നിറവേറ്റി. ഈ നാൽപത്തിനാല് വർഷം ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. കാരണം എനിക്കിവിടെ നിലനിന്നേ പറ്റൂ. ഇതല്ലാതെ മറ്റൊന്നും അറിയില്ല. സിനിമ മാത്രമേ അറിയൂ.
ഈ യാത്രയിൽ ഒരുപാട് വലിയ സംവിധായകരെ, നടന്മാരെ, നിർമാതാക്കളെ, ടെക്നീഷ്യന്മാരെയെല്ലാം കാണാനും അവർക്കൊപ്പം പ്രവർത്തിക്കാനും പറ്റി. പക്ഷേ എല്ലാത്തിലും ഉപരിയായി കേരളത്തിലെ ഏത് ചെറിയ ഗ്രാമത്തിൽ പോയാലും എനിക്ക് ഭക്ഷണം തരാൻ ആളുകളുണ്ട് എന്നതാണ് വലിയ സന്തോഷം. കേരളത്തിൽ മാത്രമല്ല കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും അങ്ങനെത്തന്നെയാണ്. ഇതിനും അപ്പുറം വേറെന്താണ് വേണ്ടത്. ഒരുപാട് പേരുടെ സ്നേഹം സമ്പാദിച്ചു, അനുഗ്രഹം നേടി. ഇതൊക്കെ തന്നെയാണ് വലിയ നേട്ടങ്ങൾ.
ഇത്രയും വർഷം ആക്ഷൻ കിംഗ് എന്ന ലേബൽ നിലനിർത്താനായത് അനുഗ്രഹമല്ലേ
അനുഗ്രഹം തന്നെയാണ്. കാരണം നിങ്ങൾ ആക്ഷൻ കിംഗ് ആണെന്ന് നിങ്ങൾക്ക് ഫീൽ ചെയ്യണമല്ലോ. ആ പേര് നിലനിർത്തണമെങ്കിൽ ഫിറ്റ്നസ് കൂടി ശ്രദ്ധിച്ചേ പറ്റൂ. ആക്ഷൻ കിംഗ് കുടവയറൊക്കെ ആയി ഇരുന്നാൽ നിങ്ങൾ തന്നെ ചോദിക്കില്ലേ ഇതാണോ ആക്ഷൻ കിംഗ് എന്ന്, പ്രേക്ഷകർ പറയില്ലേ അർജുൻ എന്താണ് ഇങ്ങനെ ആയതെന്ന്. ആ പേടി കൊണ്ട് നന്നായി വ്യായാമം ചെയ്ത് ഫിറ്റ്നസ് ശ്രദ്ധിക്കും. ആരോഗ്യത്തിനും നല്ലത് അതുതന്നെയാണല്ലോ. പലപ്പോഴും എന്റെ പ്രായം വരെ പ്രേക്ഷകർ മറന്നുപോകാറുണ്ട്. സർ ആ മസിലൊക്കെ ഒന്ന് കാണിക്കൂ എന്ന് പറഞ്ഞ് കൈ തൊട്ട് നോക്കുന്നവരുണ്ട്. കുട്ടികളും മുതിർന്നവരും അതേ. അവരുടെയൊക്കെ പ്രതീക്ഷ നിലനിർണമെന്ന ഭയം തന്നെയാണ് കാരണം.
എന്നെങ്കിലും ആ ലേബൽ ഒന്ന് മാറ്റണമെന്ന് തോന്നിയിട്ടുണ്ടോ
ഇല്ല. എന്തിന് മാറ്റണം. പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ച പേരാണത്. അവർക്ക് എന്നെ അങ്ങനെ കാണാനാണ് ആഗ്രഹം. അതങ്ങനെ തന്നെ ഇരുന്നോട്ടെ. ഈ ലേബൽ എനിക്ക് കരിയറിൽ ഒരു ബ്ലോക്കും വരുത്തിയിട്ടില്ല. മികച്ച നടനുള്ള പുരസ്കാരങ്ങൾ ഞാൻ നേടിയിട്ടുണ്ട്. മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതെല്ലാം നമ്മൾ വേർസറ്റൈൽ ആണെന്നതിനുള്ള അംഗീകാരങ്ങളല്ലേ. പക്ഷേ പ്രേക്ഷകർക്ക് എന്റെ ഫൈറ്റ് കാണാനാണ് ഇഷ്ടം. അതിന് ഒരു ഓഡിയൻസ് ഉണ്ട്. അവർക്ക് സെന്റിമെന്റ്സും ഇമോഷനുമൊന്നും താത്പര്യമില്ല. എപ്പോൾ സ്ക്രീനിൽ ഫൈറ്റ് വരുമെന്ന ആകാംക്ഷയോടെ എന്റെ സിനിമ കാണാൻ വരുന്നവരാണവർ. അവരുടെ ഇഷ്ടം നമ്മൾ സംരക്ഷിക്കണ്ടേ. ആ പേര് ഒരു അനുഗ്രഹമാണ്.
ഭാഷയ്ക്കപ്പുറം വലിയ ആരാധകവൃന്ദം ഉണ്ട്. അവരോട് എന്താണ് പറയാനുള്ളത്
ദൈവം നിങ്ങളെ അനുഗ്രഹിക്കും.. ഒരു സിനിമ ഞാൻ കമ്മിറ്റ് ചെയ്യുമ്പോൾ അതിൽ അശ്ലീലം ഉണ്ടെങ്കിൽ ഞാൻ ചെയ്യില്ല. കുട്ടികൾക്ക് കാണാൻ സാധിക്കാത്ത സിനിമകൾ ചെയ്യില്ല. എന്തിനേറെ പുകവലിക്കുന്ന രംഗങ്ങൾ വരെ അത്രയും ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിലേ ഞാൻ ചെയ്യാറുള്ളൂ. എന്റെ സിനിമകളേറെയും രാജ്യസ്നേഹം തുളുമ്പുന്നതാണ്. അതുകൊണ്ടൊക്കെയായിരിക്കാം ആളുകൾ എന്നെ ഇത്രയ്ക്കും സ്നേഹിക്കുന്നത്. വയസായവർക്കും കുട്ടികൾക്കും എന്റെ സിനിമകൾ കാണാൻ സാധിക്കും. ഏത് തലമുറയിൽപ്പെട്ടവരാണെങ്കിലും എന്നെ കാണുമ്പോൾ അഭിസംബോധന ചെയ്യുന്നത് ജയ്ഹിന്ദ് പറഞ്ഞാണ്. അതാണ് അവർക്കിടയിൽ എനിക്കുള്ള ഇമേജ്. ആ സ്നേഹത്തിനൊത്ത് സിനിമകൾ നൽകാൻ എനിക്ക് സാധിക്കണം.
വീണ്ടും ഒരിടവേളയ്ക്ക് ശേഷം വിരുന്നിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്
കഥയാണ് വിരുന്നിലേക്ക് എന്നെ ആകർഷിച്ചത്. ഫോണിലൂടെയാണ് കണ്ണൻ താമരക്കുളം എന്നോട് കഥ പറയുന്നത്. മുറി തമിഴിലാണ് എന്റെ അടുത്ത് കഥ പറഞ്ഞതെങ്കിൽ പോലും എനിക്ക് വ്യക്തമായി മനസ്സിലായി. നല്ല രീതിയിൽ കഥ അവതരിപ്പിച്ചു അദ്ദേഹം. ഫിനാൻഷ്യൽ കൺസൾട്ടന്റ് ആയിട്ടാണ് ഞാൻ ചിത്രത്തിലെത്തുന്നത്. അങ്ങനെയൊരു വേഷം ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ഈ സിനിമയെ ഒരാൾ മാത്രമല്ല മുന്നോട്ട് നയിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമാണ്. എന്റെ കഥാപാത്രം മാത്രം നന്നായതുകൊണ്ട് സിനിമ നന്നാവില്ലല്ലോ. എല്ലാ തൂണുകളും നേരെയാണെങ്കിലേ വീടിന് ഗുണം ചെയ്യൂ. ഒറ്റ തൂണിൽ വീട് നിലനിൽക്കില്ലല്ലോ. അതുപോലെ തന്നെയാണ് ഓരോ സിനിമയും.