വീണ്ടും ഓഡിയോ പുറത്തുവിട്ട് അൻവർ’അജിത് കുമാർ കമ്യൂണിസ്റ്റ് വിരുദ്ധൻ, സരിതയുമായി സൗഹൃദം’;
മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വീണ്ടും ശബ്ദസന്ദേശം പുറത്തുവിട്ട് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. ഒരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. സ്വകാര്യതയ്ക്കുവേണ്ടി പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സംസാരിക്കുന്നയാള്‍ പറയുന്നു. സ്വകാര്യതവെളിപ്പെടുത്താന്‍ സാധിക്കാത്തിനാല്‍ ശബ്ദത്തില്‍ മാറ്റംവരുത്തിയാണ് താന്‍ സംസാരിക്കുന്നതെന്നും ഓഡിയോയിലുണ്ട്. സോളാര്‍ കേസില്‍ പ്രമുഖര്‍ കുറ്റവിമുക്തരാക്കപ്പെട്ടതിലും കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിലും സംസ്ഥാനത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നതിലും അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് ഓഡിയോ.
എടവണ്ണയിലെ റിദാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ ഷാന്‍ വെടിവെച്ചുകൊന്നുവെന്നും പറയിക്കാന്‍ റിദാന്റെ ഭാര്യയെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചു. പ്രതിചേര്‍ക്കപ്പെട്ട ഷാനിനെ മൂന്നരദിവസം ക്രൂരമായി മര്‍ദിച്ചു. മരിച്ച റിദാന് കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങള്‍ അറിയാമായിരുന്നു. മറ്റൊരു കേസില്‍പ്പെടുത്തി ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഈ മോട്ടീവിലാണ് കൊല്ലിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
ഓഡിയോ സന്ദേശം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ മുഴുവനായും കേള്‍പ്പിച്ചു. പിന്നാലെ, വെളിപ്പെടുത്തലുകള്‍ തത്കാലം നിര്‍ത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാംഘട്ടം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.