അന്വേഷണ റിപ്പോർട്ട്; അടിയന്തര നടപടിക്കൊരുങ്ങി സർക്കാർഎസ്പി സുജിത് ദാസ് പൊലീസിന് നാണക്കേടുണ്ടാക്കിയെന്ന്
തിരുവനന്തപുരം∙ ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. പി.വി.അന്‍വറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിനെതിരെ അടിയന്തരമായി നടപടി ഉണ്ടാകും. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കി. പി.വി.അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി. സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിനു കൈമാറും. ഇതു പ്രകാരം അധികം വൈകാതെ തന്നെ നടപടി ഉണ്ടാകുമെന്നാണു സൂചന.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാറിന് എതിരെ പി.വി.അന്‍വര്‍ ഉയര്‍ത്തിയ കടുത്ത ആരോപണങ്ങളില്‍ എന്തു നടപടി വേണമെന്നതാണു സര്‍ക്കാരിന്റെ പ്രധാന തലവേദന. ഡിജിപിയെ പോലും മറികടന്ന് പൊലീസ് സേന എഡിജിപി അജിത് കുമാര്‍ അടക്കിവാഴുന്നുവെന്ന ആക്ഷേപം പൊലീസ് സേനയ്ക്കുള്ളില്‍ തന്നെയുണ്ട്. പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുമായും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായുമുള്ള അടുപ്പമാണ് അജിത് കുമാറിന്റെ രക്ഷയ്‌ക്കെത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അജിത് കുമാറിനെ ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തേണ്ടിവരും. തുടര്‍ന്ന് കുറഞ്ഞത് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലോ ആഭ്യന്തരവകുപ്പ് സെക്രട്ടറി അടങ്ങുന്ന സമിതിയോ അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാവും ഏറെ നിര്‍ണായകമാകുക.