മലയാള സിനിമയിലുള്ളത് പവർ ​ഗ്രൂപ്പല്ല, കൂട്ടുകെട്ട്, കാസ്റ്റിങ് കൗച്ച് ഉണ്ട് -ബി.ഉണ്ണിക്കൃഷ്ണൻ

0

കൊച്ചി: സർക്കാർ രൂപീകരിക്കുന്ന സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മാറിനിൽക്കില്ലെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ. തനിക്കെതിരെ പരാതി നൽകാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നാണ് മനസിലാക്കുന്നത്. ഫെഫ്ക്ക ജനറൽ സെക്രട്ടറിയെയാണ് ആ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ബി.ഉണ്ണിക്കൃഷ്ണനെന്ന വ്യക്തിയെയല്ല. സിനിമയിൽ പവർ ​ഗ്രൂപ്പല്ല, ശക്തമായ കൂട്ടുകെട്ടുകളാണുള്ളതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നയരൂപീകരണ സമിതിയിൽ മലയാള സിനിമയിലെ 21 ക്രാഫ്റ്റുകളെ പ്രതിനിധീകരിച്ചാണ് താനുള്ളതെന്ന് ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അവിടെ താൻ പറയുന്ന അഭിപ്രായങ്ങൾ ഈ 21 ക്രാഫ്റ്റുകളിൽനിന്നും ക്രോഡീകരിച്ചെടുത്തതായിരിക്കും. ഇവരുടെയെല്ലാം അഭിപ്രായങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ടുള്ള നയം എങ്ങനെ കേൾക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

“നയരൂപീകരണ സമിതിയിൽ തുടരും. അല്ലെങ്കിൽ മാറിനിൽക്കാൻ സംഘടന ആവശ്യപ്പെടണം. മൂന്ന് നാല് ​ദിവസത്തിനുള്ളിൽ അന്തിമയോ​ഗം നടക്കും. അതിനുശേഷം ഇക്കാര്യങ്ങൾ വിശദീകരിക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഞങ്ങളുടെ പ്രതികരണം വൈകിയെന്നാണ് തോന്നുന്നത്. അമ്മ സംഘടനയുടെ പ്രതികരണം വൈകിയോ എന്നുള്ളതല്ല, അവർ എന്തുപറഞ്ഞു എന്നുള്ളതാണ്. എന്തു പറഞ്ഞു എന്നുള്ളതിൽ പൊതുസമൂഹം വലിയ വിമർശനമുന്നയിക്കുന്നുണ്ട്. ആ വിമർശനം താരസംഘടന ഉൾക്കൊള്ളണമെന്നാണ് എന്റെ അഭിപ്രായം.

മറ്റൊരു സംഘടനയേക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല. ഒരു ട്രേഡ് യൂണിയൻ സംവിധാനമൊന്നുമല്ലല്ലോ അവരുടേത്. സെക്രട്ടറി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഭാരവാഹി മറ്റൊരിടത്ത് പ്രതികരിക്കുന്നത് കണ്ടു. അതൊരു സംഘടനാ രീതിയല്ലല്ലോ. അതൊരു ട്രേഡ് യൂണിയനായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. വ്യക്തമായ സംഘടനാ സ്വഭാവമേ അമ്മയ്ക്കില്ല. വളരെ പരിമിതമായ കാര്യങ്ങൾ നിർവഹിക്കാനാണ് ഈ കൂട്ടായ്മയെന്ന് അവർ പറഞ്ഞേക്കാം, അത് ശരിയായിരിക്കാം. പക്ഷേ പൊതുസമൂഹത്തോട് സംവദിക്കേണ്ട ​ഗൗരവമേറിയ പ്രശ്നങ്ങൾ വരുമ്പോൾ അയഞ്ഞ രൂപഘടന അവർക്കൊരു ബാധ്യതയാവുന്നുണ്ട്.

സംഘടനാപരമായി തഴക്കമോ വഴക്കമോ ഉള്ളയാളല്ല മോഹൻലാൽ. നിരവധി ചോദ്യങ്ങൾ ചോദിച്ചാൽ അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാൻ അദ്ദേഹത്തിന് കഴിയുമെന്നും തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. പക്ഷേ ഉത്തരവാദിത്തപ്പെട്ടൊരു സംഘടനയുടെ ഭാരവാഹിയെന്ന നിലയിൽ അദ്ദേഹത്തിന് ആ ധർമം പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണല്ലോ രാജിയിലേക്കെത്തുന്നത്. ആ സത്യസന്ധതയെ ഞാൻ ബഹുമാനിക്കുന്നുണ്ട്.

മോഹൻലാലിനെപ്പോലെയുള്ളൊരു പ്രസിഡന്റ് രാജിസന്നദ്ധത പ്രകടിപ്പിക്കുമ്പോൾ അദ്ദേഹത്തെ തനിച്ച് രാജിവെയ്ക്കാൻ അനുവദിക്കേണ്ടതില്ല എന്ന തോന്നലിലാവാം മറ്റുള്ളവരും രാജിവെച്ചത്. രാജിവെയ്ക്കണോ എന്ന് സംശയിച്ചവരും അക്കൂട്ടത്തിലുണ്ടാവാം. ഇതിൽക്കൂടുതൽ ഫെഫ്ക്ക ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് അമ്മ സംഘടനയേക്കുറിച്ച് പറയുന്നത് ശരിയല്ല.

 

പവർ ​ഗ്രൂപ്പ് എന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മൊഴിയായോ നി​ഗമനമായോ, അതോ ആലങ്കാരിക പ്രയോ​ഗമാണോ എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. സിനിമയിൽ എക്കാലത്തും വളരെ ശക്തമായ സഖ്യങ്ങളുണ്ടായിട്ടുണ്ട്. തുടർച്ചയായി വലിയ ചിത്രങ്ങൾ മാത്രം നിർമിക്കുന്ന പ്രൊഡക്ഷൻ ഹൗസുകളുണ്ട്. അവർക്കുവേണ്ടി മാത്രം സിനിമകൾ ചെയ്യുന്ന സംവിധായകരും എഴുത്തുകാരും നടീനടന്മാരുമുണ്ട്. ആ സംവിധാനത്തിലുള്ളിലായിരിക്കും വലിയ ചിത്രങ്ങൾ നടക്കുക. സ്വാഭാവികമായും എല്ലാവർക്കും അവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമമുണ്ടാവും. കാരണം അവർക്ക് അവസരങ്ങൾ ലഭിക്കണമല്ലോ. മുതൽമുടക്കും വിപണിയുമായി ബന്ധപ്പെട്ട ശക്തമായ സഖ്യങ്ങൾ എല്ലാ ഭാഷകളിലുമുണ്ട്. ആ യാഥാർത്ഥ്യത്തോട് മുഖംതിരിച്ചിട്ട് കാര്യമില്ല.

വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന അധികാരകേന്ദ്രങ്ങൾ ഒരു സഖ്യമായി മാറുന്നുവെന്നുള്ളത് സാധ്യമായ കാര്യമല്ലെന്ന് ചിന്തിച്ചാൽത്തന്നെ അറിയാം. അത്രത്തോളം വ്യത്യസ്തമായ താത്പര്യങ്ങളാണ് ഈ സംഘടനാ സംവിധാനങ്ങൾക്കെല്ലാമുള്ളത്. ഫെഫ്ക്ക 2008 മുതൽ 2024 വരെയുള്ള കാലയളവിൽ അഞ്ചുതവണ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി വേതനക്കരാർ ഒപ്പുവെച്ചിട്ടുണ്ട്. അതിൽ മൂന്നാമത്തെ കരാർ ഒപ്പുവെയ്ക്കുമ്പോൾ വലിയ തോതിലുള്ള അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ആ സമയത്ത് പ്രധാനപ്പെട്ട നടന്മാരും അവരുടെ പ്രൊഡക്ഷൻ ഹൗസുകളും കൃത്യമായ അകലം പാലിച്ചിരുന്നു. പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. നിർമാതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും താരങ്ങളുടേയും സംഘടനകൾ ഒരുമിച്ച് രഹസ്യ ധാരണയായി, അദൃശ്യ ലോബിയായി നിന്നുകൊണ്ട് സിനിമാ മേഖലയിൽ പ്രവർത്തിക്കാനാവില്ല.

21 യൂണിയനുകളുടെ ഫെഡറേഷനാണ് ഫെഫ്ക്ക. ആ യൂണിയനുകളുടെ അഭിപ്രായം കേൾക്കാതെ ഫെഫ്ക്ക ജനറൽ സെക്രട്ടറിക്ക് ഒരു തീരുമാനവുമെടുക്കാൻ സാധിക്കില്ല. ഒരു വാചകംപോലും സംസാരിക്കാൻ സാധിക്കില്ല. ഒരു തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിനിധിയെന്ന നിലയിൽ വിശാലമായ താത്പര്യങ്ങളോടെ ജോലിചെയ്യുന്നയാളാണ്. സർക്കാരിന്റെ ഒരധികാര സ്ഥാനങ്ങളിലും ഇരുന്നിട്ടുള്ളയാളല്ല. ഇനി കാണാനും സാധിക്കില്ല. വളരെ അടിയുറച്ച നിലപാടാണിത്. ആഷിഖ് അബുവിന് എന്റെ രാഷ്ട്രീയത്തോടോ സംഘടനാ പ്രവർത്തനത്തിനോടെ എതിർപ്പുണ്ടെങ്കിൽ ജനാധിപത്യപരമായ രീതിയിൽ വിയോജിക്കാം.ഞാനൊരു വ്യാജ ഇടതുപക്ഷക്കാരനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കിൽ സ്വയം ഒരു പരിശുദ്ധനാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടാവണമല്ലോ. അതിനോട് നീതിപുലർത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയട്ടേ എന്നാശംസിക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറഞ്ഞാൽ അത് യാഥാർത്ഥ്യത്തിന്റെ നേരേ കണ്ണടച്ചുകാണിക്കുന്നതുപോലെയാവും. മലയാളസിനിമയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഈ വലിയ ചരിത്രത്തിനകത്ത് എത്രയോ സന്ദർഭങ്ങളിൽ നമ്മൾ കണ്ടും കേട്ടും അറിഞ്ഞ കാര്യമാണ് കാസ്റ്റിങ് കൗച്ച്. എല്ലാ ഇൻഡസ്ട്രിയിലും ഉണ്ടല്ലോ എന്ന് നമ്മൾ പറയും. അതിനെ അങ്ങനെ സാമാന്യവത്ക്കരിച്ചുകൊണ്ട് രക്ഷപ്പെടേണ്ട കാര്യമില്ല. എല്ലാ ഫിലിം ഇൻഡസ്ട്രിയിലും ഉള്ള കാര്യം മലയാളത്തിൽ വേണ്ട എന്ന നിലപാടെടുക്കണം. എല്ലാം ശരിയായിട്ടുള്ള ഒരു ഉട്ടോപ്യൻ ഭാവി നമുക്ക് ആ​ഗ്രഹിക്കാമെങ്കിലും അങ്ങോട്ട് എത്തിച്ചേരുക എന്നത് വലിയ ദുഷ്കരമാണ്. ആ പ്രവർത്തനത്തിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന നീതിയിൽ ബോധ്യമുള്ള എല്ലാവരുമെന്നാണ് വിശ്വസിക്കുന്നത്.”

പീഡനങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ സ്ത്രീകൾക്ക് ആ ആദരവ് കൊടുക്കേണ്ടതുണ്ട്. ഹേമാ കമ്മിറ്റി മറുവശം കേൾക്കണമെന്ന് നിർബന്ധമില്ല. വിവരശേഖരണമാണ് അവർ നടത്തിയത്. എന്നാൽ റിപ്പോർട്ടിന്റെ പൂർണരൂപം, അതായത് എത്ര വലിയവരാണെങ്കിലും മുഴുവൻ പേരുകളും പുറത്തുവരണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നതെന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *