കള്ളന്റെ വാക്ക് കേട്ട് എൻ്റെ ഹൃദയം പിടഞ്ഞു; ‘ഇവള് വിളിച്ചിട്ട് രാത്രിയിൽ ഞാൻ ചെന്നതാ’
അമ്മ: ‘മോനേ നിന്റെ അച്ഛന്‍ നമ്മളെ വിട്ട് പോയടാ’
സുധി: അമ്മേ എന്റെ അച്ഛന്‍ ( ബാക്കി പറയാന്‍ കഴിയാതെ വിക്കി വിക്കി നില്‍ക്കുന്നു)
അമ്മ: (കരഞ്ഞ് കൊണ്ട്) അതേ മോനെ, നിന്റെ അച്ഛന്‍ ചോര ചുമച്ച് തുപ്പി.
സുധി: (ഉച്ചത്തില്‍ കരഞ്ഞ് കൊണ്ട്) എന്റെ അച്ഛന്‍ ഇനി വരില്ലേ അമ്മേ…?
അമ്മ: ഇല്ല മോനേ, നമ്മള്‍ തനിച്ചായി പോയടാ..
അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു. ഇത്തവണയും മകനായ സുധിയുടെ സങ്കടകിതപ്പ് ശരിയാവാത്തതിനാല്‍ ഭാസ്‌കരന്‍ സാര്‍ അല്‍പം രോഷം കൊണ്ടു. ഇത് അഞ്ചാം തവണയാണ്.
‘ഇനി ഞാന്‍ ശരിയാക്കാം സാറേ, ഇപ്പം എനിക്ക് മനസ്സിലായി’
അച്ഛന്‍ നഷ്ടപ്പെട്ടതറിഞ്ഞ് നെഞ്ച് പൊട്ടിക്കരയുന്ന മകനായി വാക്കുകള്‍ കൂടുതല്‍ വികാരധീനമാക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്ന സുധിയെ നോക്കി ഇനി അധികം സമയമില്ലല്ലോന്ന് ഭാസ്‌ക്കരന്‍ സാര്‍ ആശങ്കപ്പെട്ടു. തിരുവനന്തപുരം ആകാശവാണിയില്‍ ബാലലോകം പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫൈനല്‍ റിഹേഴ്‌സല്‍ ദിവസമായിരുന്നു അത്.
ജീവിതത്തിന്റെ തണുത്ത മണലില്‍ കേട്ട് പരിചയിച്ച വാക്കുകളുടെ ആവര്‍ത്തനങ്ങളായിരുന്നത് കൊണ്ടാവാം നാടകത്തിലെ കേന്ദ്ര കഥാപാത്രമായ അമ്മയുടെ വാക്കുകളിലെ വിങ്ങല്‍ അധിക പരിശീലനമൊന്നും കൂടാതെ കണ്ണുനീര്‍ നനവോടെ റിഹേഴ്‌സല്‍ സമയത്ത് തന്നെ പറഞ്ഞ് പ്രതിഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ സര്‍ഗാത്മകതയുടെ ഏതോ ഒരടരില്‍ എന്റെ പേര് എഴുതിച്ചേര്‍ത്ത ദിവസങ്ങളായിരുന്നിരിക്കാം അതെന്ന ചിന്തയില്‍ സങ്കല്‍പ്പാതീതമായ അഗാധതകളിലേക്ക് മനസ്സ് തുഴഞ്ഞ് പോകുന്നു.
ദേശത്തിനകത്ത് ലക്ഷം വീട് കോളനിയോട് ചേര്‍ന്ന് ഭാസ്‌ക്കരന്‍ സാര്‍ ആരംഭിച്ച പ്രതിഭ മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ആദ്യകാലത്ത് ട്യൂഷന്‍ സെന്ററായിരുന്നു. കലയെ ജീവനുതുല്യം സ്‌നേഹിച്ച കലാകാരന്‍ കൂടിയായ ഭാസ്‌ക്കരന്‍ സാര്‍ ട്യൂട്ടോറിയെ റേഡിയോ ക്ലബ്ബായി കൂടി വികസിപ്പിച്ചെടുത്തതോടെ ഞായറാഴ്ച ദിവസങ്ങള്‍ കുട്ടികള്‍ക്ക് ആഹ്ലാദത്തിന്റെതായി. വിവിധ ക്ലബ്ബുകള്‍ അവതരിപ്പിക്കുന്ന ബാലലോകം പരിപാടികള്‍ കേള്‍ക്കാനായി മാത്രം എല്ലാ ഞായറാഴ്ചകളിലും റേഡിയോ ക്ലബ്ബില്‍ കുട്ടികള്‍ ഒത്ത് കൂടി. ഭാസ്‌ക്കരന്‍ സാറിന്റെയും ട്യൂട്ടോറിയിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രദീപ് സാറിന്റെയും സഹായത്തോടെ.
പത്ത് മണി മുതല്‍ തുടങ്ങുന്ന പരിപാടി കേട്ട് ബാലലോകം അമ്മാവന് കത്തുകളെഴുതി അയച്ചു. കുറച്ച് നാളുകള്‍ക്കുശേഷം നമ്മുക്കും റേഡിയോയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാമെന്ന ഭാസ്‌ക്കരന്‍ സാറിന്റെ വാക്കുകളെ ഉത്സവമാക്കി അടുത്ത ഞായറാഴ്ച്ച വരെ കത്തുകള്‍ക്കുള്ള മറുപടിക്കായി കാത്തിരുന്നു. പ്രതിഭ മാത്യഭൂമി സ്റ്റഡി സര്‍ക്കിളിലെ കൊച്ചു കൂട്ടുകാരെന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള ബാലലോകം അമ്മാവന്റെ മറുപടിയോളം മധുരതരമായി മറ്റൊന്നില്ലന്ന് തോന്നിപ്പിച്ച മിഴിവാര്‍ന്ന കാലങ്ങളായിരുന്നു അത്.