മധ്യപ്രദേശിൽ ട്രക്കിൽനിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകൾ കവർന്നു.
സാഗര്‍: മധ്യപ്രദേശിലെ നഗരത്തില്‍ വന്‍ മോഷണം. കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ചെന്നൈയിലേക്ക് ഐഫോണുകള്‍ കൊണ്ടുപോകുന്നതിനിടയില്‍ നര്‍സിങ്പുര്‍ ജില്ലയില്‍ വെച്ചാണ് സംഭവം.
തങ്ങളെ ആക്രമിച്ചതിന് ശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് ട്രക്കിലുണ്ടായിരുന്നവര്‍ പറയുന്നത്. ഡ്രൈവറെ മയക്കുമരുന്ന് കുത്തിവെക്കുകയും വായ്മൂടിക്കെട്ടുകയും ചെയ്തുവെന്നും പറയുന്നു. ആഗസ്ത് 15-നാണ് മോഷണം നടക്കുന്നത്.
ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം വൈകാതെ കേസെടുക്കുമെന്നും അഡിഷണല്‍ എസ്.പി സഞ്ജയ് പറഞ്ഞു. കേസില്‍ അലംഭാവം കാട്ടിയെന്ന് കാണിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.