ഡ്യൂറൻഡ് കപ്പിലെ മികച്ച താരമായി ജിതിൻ;നോർത്ത് ഈസ്റ്റിന്റെ വിങ്ങിലെ കരുത്തൻ
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചരിത്രവിജയം നേടുമ്പോള്‍ ചുക്കാന്‍പിടിച്ച് മലയാളി താരം ജിതിന്‍ എം.എസ്. കൂടെയുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരംപോലെ ടൂര്‍ണമെന്റിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോളും ജിതിന്‍ സ്വന്തമാക്കി.
നോര്‍ത്ത് ഈസ്റ്റിന്റെ 18-ാം നമ്പര്‍ താരമായ വിങ്ങര്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. നാലുഗോള്‍ നേടി. ഫൈനലില്‍ ആദ്യഗോളിന് അസിസ്റ്റും നല്‍കി. രണ്ടു കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. വിങ്ങിലൂടെ അതിവേഗം കുതിച്ചുകയറാനുള്ള കഴിവാണ് ജിതിന്റെ പ്രത്യേകത. അതിനൊപ്പം സ്‌കോറിങ് മികവുകൂടിയാകുമ്പോള്‍ എതിര്‍പ്രതിരോധത്തിന് നിരന്തരം തലവേദനയാകുന്നു.
തൃശ്ശൂര്‍ സ്വദേശിയായ ജിതിന്‍ 2022-ലാണ് നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിയത്. 48 മത്സരങ്ങളില്‍ ടീമിനായി ഇറങ്ങി. ഏഴ് ഗോളും നേടി. ഗോകുലം കേരള എഫ്.സി.യില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റിലേക്ക് പോയത്. ഗോകുലത്തിനൊപ്പം രണ്ട് ഐ ലീഗ് വിജയങ്ങളില്‍ പങ്കാളിയായി. 2017-18-ല്‍ കേരളം സന്തോഷ് ട്രോഫി നേടുമ്പോള്‍ വിങ്ങില്‍ ജിതിനുണ്ടായിരുന്നു.