കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി

0

കൊച്ചി: നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന്‌ സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി. ‘റിയല്‍ ജസ്റ്റിസ്’ സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന്‌ കരുതിയ സംഭവം 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്‌മെന്റിന്റെ പ്രധാനഭാഗമായി താന്‍ മാറുകയും ചെയ്‌തെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്റെ യാത്രയിലായതിനാലാണ് കേരളത്തില്‍ എത്താന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.

 

പരിപാടിയിലേക്ക് ക്ഷണിച്ച സംവിധായകന്‍ ജോഷി ജോസഫിനോടും നടി ഖേദം പ്രകടിപ്പിച്ചു. മറ്റൊരു അവസരത്തില്‍ കേരളത്തിലേക്ക് വരുമെന്നും തന്റെ ഭാഗം താന്‍ നിര്‍വഹിച്ചുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നടി കുറിപ്പിനൊപ്പം പങ്കുവെച്ച പോസ്റ്റര്‍ പ്രകാരം, സംവിധായകന്‍ ജോഷി ജോസഫ്, തുഷാര്‍ ഗാന്ധി, ധന്യ രാജേന്ദ്രന്‍ എന്നിവരാണ് പരിപാടിയലെ മറ്റ് അതിഥികള്‍.

അതേസമയം, രഞ്ജിത്തിനെതിരായ പരാതിയില്‍ നടിയുടെ രഹസ്യമൊഴി കൊച്ചിയിലെത്തുമ്പോള്‍ രേഖപ്പെടുത്താനായിരുന്നു പോലീസിന്റെ നീക്കം. നടി കൊച്ചിയിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ മറ്റ് വഴിതേടേണ്ട സാഹചര്യമാണ് പോലീസിനുമുന്നിലുള്ളത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *