ചെങ്കടലിലെ ഷൈബാ ദ്വീപിൽ വരുന്നു ‘വാട്ടർ സ്ട്രിപ്പ്’
റിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടർ സ്ട്രിപ്പ്’ ചെങ്കടലിലെ ഷൈബാ ദ്വീപിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പ് ആണ് ചെങ്കടൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് അനുവദിച്ചത്. ടൂറിസം പദ്ധതികളുടെ ഡെവലപ്പറായ റെഡ് സീ ഇൻറർനാഷനൽ കമ്പനിക്കാണ് ലൈസൻസ് ലഭിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലജ്, റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോക്ക് ലൈസൻസ് കൈമാറി. ചടങ്ങിൽ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സാലിഹ് അൽ ജാസർ പങ്കെടുത്തു.മനോഹരമായ പവിഴപ്പുറ്റുകളാൽ സമ്പന്നമാണ് ഷൈബാര ദ്വീപ്. വരും മാസങ്ങളിൽ തന്നെ ടൂറിസ്റ്റുകൾക്കായി ദ്വീപിലേക്കുള്ള വാതിലുകൾ തുറക്കും.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച വ്യതിരിക്തമായ വില്ല ഡിസൈനുകളിലാണ് റിസോർട്ട് ഒരുക്കുന്നത്. ചെങ്കടലിലെ ആദ്യത്തെ ടൂറിസ്റ്റ് റിസോർട്ടാണ് ഇത്. കരയിൽനിന്ന് ബോട്ടിൽ 30 മിനിറ്റും സീപ്ലെയിനിൽ 20 മിനിറ്റും കൊണ്ട് ഇവിടെ എത്തിച്ചേരാനാവും. ഷൈബാര റിസോർട്ട് ലോകത്തിന് മുന്നിൽ തുറക്കുന്നതിനുള്ള അന്തിമ നടപടികളുടെ ഭാഗമാണ് ഈ ലൈസൻസ് എന്ന് ജോൺ പഗാനോ പറഞ്ഞു. ഷൈബാര റിസോർട്ട് ഉടൻ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഷൈബാര റിസോർട്ടിലേക്കും തിരിച്ചും സീപ്ലെയിൻ വഴി മനോഹരവും അതുല്യവുമായ ഒരു യാത്രയാണ് സമ്മാനിക്കുക.