ബിജെപി– സിപിഎം ബന്ധം സത്യമെന്ന് തെളിഞ്ഞു; ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്

0

കൊച്ചി∙ സിപിഎമ്മും ബിജെപിയും തമ്മിലുളള ബന്ധം തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം ഉയർത്തിയ വാദത്തെ ശരിവയ്ക്കുന്നതാണ് ഇ.പി.ജയരാജനെതിരായുള്ള നടപടി. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജൻ ജാവഡേക്കറെ കണ്ടതെന്നും സതീശൻ പറഞ്ഞു.

‘‘ഇ.പി.ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായും ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രിയുൾപ്പെടെ അത് നിഷേധിച്ചു. ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. ഇ.പി ത്യാഗപൂർണമായി ഒഴിഞ്ഞതല്ലല്ലോ. എന്തുകൊണ്ടാണ് ഇപ്പോൾ അങ്ങനെ ഒരു തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തരകാര്യം. പക്ഷേ അദ്ദേഹത്തിനും സിപിഎമ്മിനും ബിജെപിയുമായി തെറ്റായ ബന്ധമുണ്ടെന്ന് ഉന്നയിക്കപ്പെട്ട ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിക്കു വേണ്ടി കൂടിയാണ് പ്രകാശ് ജാവഡേക്കറെ ഇ.പി കണ്ടതെന്നാണ് ഞങ്ങൾ ആരോപിച്ചത്. ദല്ലാൾ നന്ദകുമാറുമായിട്ടുള്ള ഇ.പി.ജയരാജിന്റെ ബന്ധത്തെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി അന്ന് തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ ദുർബലപ്പെടുത്താൻ വേണ്ടിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ തിരഞ്ഞെടുപ്പു കാലത്ത് ഇ.പിയെ പാർട്ടി സംരക്ഷിച്ചു. അന്ന് പ്രകാശ് ജാവഡേക്കറെ കണ്ടാൽ എന്താണ് കുഴപ്പം ഞാനും കണ്ടിട്ടുണ്ടല്ലോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.’’– സതീശൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *