കർണാടക തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; പേമാരിയിൽ മുങ്ങി ഗുജറാത്ത്; ഭീഷണിയായി അസ്ന

0

 

അഹമ്മദാബാദ്∙ ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർണാടകയുടെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അസ്ന ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഗുജറാത്തി‍ൽ വിവിധയിടങ്ങളിൽ പേമാരി കനത്തത്തോടെ നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ 3 ദിവസത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 26 പേർ മരിച്ചു. 18,000 പേരെ മാറ്റിപ്പാർപ്പിച്ചു. 1200 പേരെ രക്ഷപ്പെടുത്തി. കനത്ത മഴയിൽ വിശ്വാമിത്രി നദി കരകവിഞ്ഞതോടെ മുതലകൾ ജനവാസമേഖലയിലെത്തിയിരുന്നു.

1976 നു ശേഷം ഓഗസ്റ്റ് മാസത്തിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റാണ് അസ്ന. പാക്കിസ്ഥാനിലും വീശിയടിക്കുമെന്നാണു കരുതുന്നത്. അസ്ന എന്നു പേരിട്ടതും പാക്കിസ്ഥാനാണ്. കച്ചിലെ മുന്ദ്ര താലൂക്കിൽ കനത്ത മഴ ലഭിച്ചു. മാണ്ഡവി ഉൾപ്പെടെ പട്ടണങ്ങൾ മുങ്ങി. നദി കരകവിഞ്ഞ് വഡോദരയിൽ വെള്ളപ്പൊക്കമുണ്ടായെങ്കിലും സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.

37 അടിക്കു മുകളിലായിരുന്ന വിശ്വാമിത്രിയിലെ ജലനിരപ്പ് 23 അടിയായി കുറഞ്ഞു. ആറായിരത്തിലേറെപ്പേരെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടുത്തി. 1600 പേരെ മാറ്റിപ്പാർപ്പിച്ചു. ഷേധി നദിയിലെ ജലനിരപ്പുയർന്ന് ഖേഡ പട്ടണത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *