ഇ.പി ജയരാജനെ സ്ഥാനത്തുനിന്ന് നീക്കി എല്‍.ഡി.എഫ് ; പുതിയ കൺവീനറെ ഇന്ന് പ്രഖ്യാപിക്കും.

0

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്‌.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാജി സ്വീകരിച്ചോ അതോ നടപടിയായി മാറ്റാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നോ എന്നതില്‍ പാര്‍ട്ടിയുടെ വിശദീകരണം വരുമ്പോഴെ വ്യക്തത വരൂ. വിമര്‍ശനത്തിന്റെ കാതല്‍ തിരിച്ചറിഞ്ഞ ഇ.ടി ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. കണ്ണൂരിലേക്ക് മടങ്ങി. അതോടെ ശനിയാഴ്ച രാവിലെ തന്നെ ഇ.പി. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറും എന്ന വാര്‍ത്ത പ്രചരിച്ചുതുടങ്ങി. രാവിലെ 10 മണിയോടെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

പകരം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണനയില്‍. ബാലന്‍ അല്ലെങ്കില്‍ ടി.പി രാമകൃഷ്ണന് ചുമതല നല്‍കിയേക്കും. സെക്രട്ടേറിയറ്റ് അംഗം, മുന്‍ മന്ത്രി, കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെ പ്രവര്‍ത്തനം ടി.പിക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നവരെ നടപടികളുണ്ടാകാറില്ല. പി.ശശിക്കെതിരായ നടപടിയും ഇന്നത്തെ സംസ്ഥാന സമിതിയില്‍ തീരുമാനമായേക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടിങ് നടന്ന ഏപ്രില്‍ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താന്‍ കണ്ടുവെന്നാണ് ജയരാജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു.

ഇതിനെതിരെ വലിയ വിമര്‍ശനമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *