അമ്മയോട് വഴക്ക് കൂടി പിണങ്ങിപ്പോയ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ‘ടെഡി ബിയറി’ന്റെ വേഷമിട്ട് അച്ഛന്
അമ്മയോട് വഴക്ക് കൂടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയ കുട്ടിയെ കണ്ടെത്താന്‍ കേരളാ പോലീസും മാധ്യമങ്ങളും ചെലവഴിച്ചത് മൂന്ന് ദിവസമായിരുന്നു. എന്നാല്‍, അങ്ങ് ചൈനയില്‍ വീട്ടില്‍ നിന്നും പിണങ്ങി പോയ മകളെ തിരികെ കൊണ്ടുവരാന്‍ ഒരച്ഛന് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍. അതും ടെഡി ബിയറിന്റെ വേഷത്തില്‍. സംഭവം ഇപ്പോള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആറുമാസം മുമ്പ് അച്ഛനോടും അമ്മയോടും പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ മകളെ അനുനയിപ്പിച്ച് വീട്ടിൽ തിരികെ എത്തിക്കാൻ മകൾക്കേറ്റവും ഇഷ്ടപ്പെട്ട ടെഡി ബിയറിന്റെ വേഷം ധരിച്ച് അച്ഛൻ നടത്തിയ ശ്രമമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സ്വന്തം വീട്ടിൽ നിന്നും ആയിരം കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ഈ അച്ഛൻ മകൾകരികിലെത്തി ഇത്തരത്തിൽ ഒരു അനുരഞ്ജന ശ്രമം നടത്തിയത്.
വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവതി വീട് വിട്ടിറങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് വീട്ടിൽ നിന്നും ആയിരം കിലോമീറ്റർ അധികം അകലെയുള്ള ജോലി സ്ഥലത്തായിരുന്നു അവൾ താമസിച്ചത്. ആറ് മാസത്തോളം വീട്ടുകാരുമായി മകള്‍ യാതൊരുവിധ ബന്ധവും പുലർത്തിയില്ല. ഒടുവിൽ മകളുടെ പിണക്കം മാറ്റാൻ അച്ഛൻ തന്നെ നേരിട്ട് ഇറങ്ങി. അതും മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടെഡി ബിയറിന്റെ വേഷത്തില്‍ തന്നെ. തെക്കൻ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷൗവിലെ മകളുടെ ജോലിസ്ഥലത്ത് ടെഡി ബിയറിന്റെ വേഷത്തിൽ എത്തിയാണ് അച്ഛൻ മകളുടെ പിണക്കം മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജോലി സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞ ഇരുവരുടെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സ്വകാര്യത മൂലം പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു ചെറിയ ടാക്സി കമ്പനിയിലായിരുന്നു മകള്‍ ജോലി ചെയ്തിരുന്നത്. ആ കമ്പനിയിലേക്കാണ് ടെഡി ബിയറിന്റെ വേഷത്തിൽ അച്ഛൻ വലിയൊരു കുലപ്പൂക്കളുമായി മകള്‍ക്ക് അരികിലേക്ക് എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ആദ്യം പെൺകുട്ടി അമ്പരന്നു നിൽക്കുന്നതും പിന്നീട് പൂക്കൾ വാങ്ങിക്കുന്നതും കാണാം. തുടർന്ന് ടെഡി ബിയറിന്റെ വേഷം മാറ്റിയപ്പോൾ മാത്രമാണ് വന്നത് തന്റെ അച്ഛനാണെന്ന് മകള്‍ തിരിച്ചറിഞ്ഞത്. എന്തുചെയ്യണമെന്ന് അറിയാതെ അവൾ പൊട്ടി കരയുന്നതും പിന്നീട് ഇരുവരും ആലിംഗനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആദ്യം മടിച്ചെങ്കിലും പിന്നീട് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി അവൾ വീട്ടിലേക്ക് മടങ്ങിയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.