“ആപ്പിൾ ഇവന്‍റ്’ സെപ്റ്റംബര്‍ 9ന്:വരുന്നു ആപ്പിൾ 16 സീരീസ്

0

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ അവതരണം പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ നടക്കും. സെപ്റ്റംബര്‍ 9ന് ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും ‘ആപ്പിള്‍ ഇവന്‍റ്’ എന്ന് കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 10-ാം തിയതിയാണ് ഐഫോണ്‍ 16 സിരീസും മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കുന്ന തിയതി എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിള്‍ ഇവന്‍റിനായി ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക് പ്രോമികള്‍ക്ക് അയച്ചിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് മോഡലുകള്‍ അന്നേ ദിനം പുറത്തിറക്കും. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണിത്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ഡിസ്‌പ്ലെയുടെ വലിപ്പത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ആപ്പിള്‍ ഇന്‍റലിജന്‍സ് വരുമെന്നതാണ് ഐഫോണ്‍ 16 സിരീസിനെ ഏറ്റവും ശ്രദ്ധേയമാക്കുക.

ലോഞ്ചിന് ശേഷം നടക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയേ ആപ്പിള്‍ ഇന്‍റലിജന്‍സ് സേവനങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് സൂചന. എന്നാല്‍ ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ള കൂടുതല്‍ വിവരണം സെപ്റ്റംബര്‍ 9ലെ ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കാം.അതിവേഗം ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ സഹായകമാകുന്ന ക്യാപ്‌ച്വര്‍ ബട്ടണ്‍ ഐഫോണ്‍ 16 മോഡലുകളിലുണ്ടാകും എന്ന് അഭ്യൂഹങ്ങളുണ്ട്. ഇതുപയോഗിച്ച് വീഡിയോയും ഷൂട്ട് ചെയ്യാം. എക്‌സ്‌പോഷര്‍, ഫോക്കസ്, സൂമിംഗ് എന്നിവയും ക്യാപ്‌ച്വര്‍ ബട്ടണില്‍ നിയന്ത്രിക്കാനാകും എന്നും സൂചനകള്‍ വ്യക്തമാക്കുന്നു. ഐഫോണ്‍ 16 സിരീസിനൊപ്പം വാച്ച് സിരീസ് 10, വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്‌ഇ, രണ്ടാം ജനറേഷന്‍ എയര്‍പോഡ്‌സ് മാക്‌സ്, പുതിയ രണ്ട് എയര്‍പോഡ്‌സ് മോഡലുകള്‍, ഐഒഎസ് 18 എന്നിവയുടെ അവതരണവും ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *