ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയുടെ മാർഗരേഖ; എല്ലാ പേരുകളും പുറത്തുവരണം: പത്താം നാൾ ഫെഫ്ക
 
                കൊച്ചി∙ ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്ക. സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയാണ് ഫെഫ്ക. കേസുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്ക സ്വാഗതം ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് പത്തു ദിവസം തികയുമ്പോഴാണ് ഫെഫ്‌കയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർ ചർച്ചകൾക്ക് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി രൂപം കൊടുത്ത മാർഗരേഖ 21 അംഗ സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റികൾ സെപ്റ്റംബർ രണ്ടു മുതൽ നാലുവരെ ചർച്ച ചെയ്യുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഈ യോഗങ്ങൾക്കു മുമ്പായി ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ അഭിപ്രായരൂപീകരണം നടക്കുന്നുണ്ട്.
സ്ത്രീകളുടെ കോർ കമ്മിറ്റി തയാറാക്കുന്ന രേഖ, അംഗസംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വിശദമായി ചർച്ച ചെയ്യും. തുടർന്നു തയാറാക്കുന്ന വിശകലന റിപ്പോർട്ട് സർക്കാരിനും പൊതുസമൂഹത്തിനും ലഭ്യമാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. മാത്രമല്ല, സ്ത്രീസുരക്ഷ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന ഗുരുതര പ്രശ്നങ്ങളെ അന്തിമമായി പരിഹരിക്കാൻ ആവശ്യമായ കർപരിപാടി പുറത്തിറക്കുമെന്നും ഫെഫ്ക വ്യക്തമമാക്കി.
അതിജീവിതമാർക്കു പരാതി നൽകുന്നതിനും നിയമനടപടികള്‍ക്കു സന്നദ്ധമാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കും, അന്വേഷണ സംഘത്തെ സമീപിക്കുന്നതിനും തുറന്നു പറയുന്നതിനും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും, കുറ്റാരോപിതർ അറസ്റ്റിലാവുകയോ അന്വേഷണത്തിലോ കോടതി നടപടികളിലോ വ്യക്തമായ കണ്ടെത്തലുകള്‍ ഉണ്ടാവുകയോ ചെ്താൽ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കും തുടങ്ങിയ കാര്യങ്ങളും ഫെഫ്ക വിശദീകരിക്കുന്നു.
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി വച്ചതിനോട്, ‘ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു’ എന്നാണ് ഫെഫ്ക പ്രതികരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗരേഖയെന്നും ഫെഫ്ക വിശേഷിപ്പിച്ചു. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അപക്വവും വൈകാരികവുമായ പ്രതികരണങ്ങൾ മലയാള സിനിമയിലെ ഏക ട്രേഡ് യൂണിയൻ ഫെഡറേഷനിൽനിന്ന് ഉണ്ടാകരുത് എന്നതിനാണ് റിപ്പോർട്ടിനെ സമഗ്രമായി വിലയിരുത്തിയശേഷം പ്രതികരണമെന്നും ഫെഫ്ക പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഫെഫ്കയുടെ നിശബദ്തയെക്കുറിച്ചുള്ള വിമർശനങ്ങൾ പൂർണമായി ഉൾക്കൊള്ളുമ്പോഴും, ധീരമായ സത്യസന്ധതയുടെയും ആര്‍ജവത്തിന്റെയും വ്യാജപ്രതീതി സൃഷ്ടിക്കുന്ന അകം പൊള്ളയായ വാചാടോപമല്ല, കാലം ആവശ്യപ്പെടുന്ന തിരുത്തലുകളിലേക്കു നയിക്കുന്ന നയപരിപാടികളിൽ എത്തിച്ചേരുക എന്നതാണു പ്രധാനമെന്നു കരുതുന്നതായും ഫെഫ്ക പറയുന്നു.

 
                         
                                             
                                             
                                             
                                         
                                         
                                        