നടിയുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറി; വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി: സുഹൃത്തിന്റെ ദുരനുഭവം പറഞ്ഞ് സന്ധ്യ
കൊച്ചി∙ നടൻ മുകേഷിനെതിരെ ആരോപണവുമായി നടി സന്ധ്യ. സുഹൃത്തായ നടിയുടെ കുടുംബത്തിനുണ്ടായ ദുരനുഭവമാണ് സന്ധ്യ മാധ്യമങ്ങളോട് പങ്കുവച്ചത്. നടി വീട്ടിലില്ലാത്ത സമയത്ത് മുകേഷ് അവരുടെ വീട്ടിലെത്തി അമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് സന്ധ്യ പറഞ്ഞു.
മുകേഷിനെ നടിയുടെ അമ്മ അടിച്ചു പുറത്താക്കി. മുകേഷ് ഒന്നും മിണ്ടാതെ ഇറങ്ങിപോയി. നടിയുടെ മേൽവിലാസം കണ്ടെത്തിയാണ് മുകേഷ് വീട്ടിലെത്തിയത്. ആ നടി ഇപ്പോൾ സിനിമയിലില്ല. കുറേ വർഷങ്ങൾക്ക് മുൻപുണ്ടായ കാര്യമാണെന്നു സന്ധ്യ പറഞ്ഞു. രഹസ്യമായി പറഞ്ഞ കാര്യമായതിനാൽ ആ നടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും സന്ധ്യ വ്യക്തമാക്കി.
ലോക്കേഷനിൽ തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല. ഫോണിലൂടെയാണ് മോശം അനുഭവം ഉണ്ടായത്. കാസ്റ്റിങ് കോൾ പ്രഹസനമാണ്. സമൂഹമാധ്യമത്തിലാണ് പ്രൊഡക്ഷൻ മാനേജർമാർ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ ഒത്തുതീർപ്പിന് തയാറാണോ എന്നു ചോദിക്കും. നോ പറഞ്ഞാൽ അവസരം കിട്ടില്ല. അഭിനയിക്കാൻ കഴിവുണ്ടോ എന്നറിയാൻ പ്രൊഡക്ഷൻ വിഭാഗക്കാർക്ക് താൽപര്യമില്ല. ഓഡിഷൻ നടത്താറില്ല. കഴിവിന് ഒരു വിലയുമില്ല. കൃത്യമായ പ്രതിഫലം തരാറില്ലെന്നും സന്ധ്യ പറഞ്ഞു.