ട്രെയിൻ വന്നിട്ടും കൂസലില്ല, കുടചൂടി ട്രാക്കിൽ സുഖനിദ്ര; യുപിയിൽ നിന്നുള്ള ‘ഉറക്ക’ വിഡിയോ വൈറൽ
പ്രയാഗ്‌രാജ് :റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ട്രെയിൻ വന്നിട്ടും ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് വിളിച്ചിട്ടും ഒരു കുടയ്ക്ക് കീഴിൽ ട്രാക്കിൽ കിടന്നുറങ്ങുന്ന വയോധികന്റെ വിഡിയോ ഇതിനോടകം 8 ലക്ഷത്തിലധികം പേരാണ് എക്സിലൂടെ കണ്ടത്. യുപിയിലെ പ്രയാഗ്‌രാജിന് സമീപമാണ് സംഭവം.
ട്രെയിൻ ഓടിച്ചു വന്ന ലോക്കോ പൈലറ്റ് നിരവധി തവണ ഹോൺ അടിച്ചെങ്കിലും വയോധികൻ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് പോകാൻ തയാറായില്ല. തുടർന്ന് ലോക്കോ പൈലറ്റിന് ട്രെയിൻ നിർത്തി, ട്രാക്കിൽ കിടന്നുറങ്ങുന്ന ആളുടെ അടുത്തേക്ക് എത്തി വിളിക്കേണ്ടി വന്നു. വയോധികനെ വിളിച്ചെഴുന്നേൽപ്പിച്ച ശേഷം ട്രെയിൻ പിന്നീട് യാത്ര തുടരുകയായിരുന്നു.വയോധികൻ മദ്യപിച്ചിട്ടാണോ അതോ മറ്റെന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണോ ട്രാക്കിൽ കിടന്നുറങ്ങിയിരുന്നതെന്ന് വ്യക്തമല്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതോടെ ട്രാക്കിലൂടെ നടന്നു പോകരുതെന്നടക്കമുള്ള മുന്നറിയിപ്പ് നൽകുകയാണ് ആർപിഎഫും റെയിൽവേ അധികൃതരും.